തൃശൂർ: 1966ലെ കേരള സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും സംഘത്തിെൻറ രജിസ്ട്രേഡ് നിയമാവലിക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘം ഭരണസമിതികൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ക്ഷീര വികസന വകുപ്പിനോട് ആവശ്യപ്പെട്ടു. കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ്, ക്ഷീര വികസന ഡയറക്ടർക്കാണ് നിർദേശം നൽകിയത്. സംസ്ഥാന തലത്തിൽ നിയമപരമായി പ്രവർത്തിക്കാത്ത ഭരണസമിതികളെ അംഗത്വത്തിൽനിന്നും നീക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷീര സഹകരണ സംഘം ഭരണസമിതിയിൽ ക്ഷീരകർഷകർക്ക് പകരം രാഷ്ട്രീയക്കാരെ നിയമിക്കുന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവേൽ നൽകിയ പരാതിയിലാണ് നടപടി. ഇവർ ക്ഷീരകർഷകരുടെ അവകാശങ്ങൾ ഹനിക്കുന്നതായും പരാതിയിൽ പറയുന്നു. പരാതിയിന്മേൽ കമീഷൻ ക്ഷീര വികസന ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സഹകരണ സംഘം നിയമാവലി പ്രകാരം ഭരണസമിതി അംഗമാകാൻ 120 ദിവസത്തിനിടെ 90 ദിവസമെങ്കിലും സംഘത്തിന് പാൽ നൽകണമെന്ന് വ്യവസ്ഥയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ സഹകരണ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ജില്ല തലത്തിലാണ് പരിശോധിക്കേണ്ടത്. ഏതെങ്കിലും സംഘത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം വ്യക്തമായി അറിയിച്ചാൽ നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.