ആമ്പല്ലൂര്‍: ദേശീയപാതയോരത്തെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെന്‍മണിക്കര, തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി കലക്ടര്‍ക്ക് പരാതി നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ച തലോര്‍ കായല്‍തോട്ടിലേക്ക് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി കേട്ട കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കാമെന്നും ഇരു പഞ്ചായത്തുകളിലെയും ജനങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ യോഗം കലക്ടറേറ്റില്‍ വിളിക്കാമെന്നും ഉറപ്പ് നല്‍കി. ദേശീയപാതയ്ക്ക് സമീപത്തെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കുക, വഴിവിളക്കുകള്‍ തെളിക്കാന്‍ നടപടിയെടുക്കുക, കാടുമൂടിയ ദേശീയപാതയുടെ വശങ്ങള്‍ വൃത്തിയാക്കുക, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക എന്നിവയായിരുന്നു പരാതിയിലെ ആവശ്യങ്ങള്‍. ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. പരാതിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കലക്ടര്‍ ടി.വി. അനുപമ മാലിന്യം തള്ളുന്നത് പതിവായ കായല്‍തോട് പ്രദേശം സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കി. കൂടാതെ പ്രദേശവാസികളേയും ജനപ്രതിനിധികളേയും വ്യാപാരികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ തള്ളിയ വര്‍ക്ക്‌ഷോപ് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് മാലിന്യം തള്ളിയവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് നെന്‍മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരന്‍ അറിയിച്ചു. തൃശൂര്‍ പൂത്തോളിലുള്ള വര്‍ക്ക്ഷോപ്പിലെ മാലിന്യമാണ് ഇടനിലക്കാര്‍ വഴി ദേശീയപാതയോരത്ത് തള്ളിയത്. മാലിന്യത്തില്‍നിന്ന് നാട്ടുകാര്‍ കണ്ടെത്തിയ വിലാസത്തിലൂടെയാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. പൂര്‍ണമായി മാലിന്യം നീക്കം ചെയ്യാന്‍ പുതുക്കാട് പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും ഒരു ലോഡ് മാലിന്യമാണ് ഇതുവരെ നീക്കിയത്. വര്‍ക്ക്‌ഷോപ്പ് ഉടമയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ എടുക്കാത്തതാണ് മാലിന്യനീക്കം നിലക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷീല മനോഹരന്‍, പ്രേമ കുട്ടന്‍, വൈസ് പ്രസിഡൻറുമാരായ വി.ആര്‍. സുരേഷ്, കെ.എസ്. സന്തോഷ് എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മാലിന്യം തള്ളിയ ദേശീയപാതയോരം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.