തൃശൂർ: ആയുർവേദ ഹോമിയോ വിദ്യാർഥികൾക്ക് ആധുനിക വൈദ്യശാസ്ത്ര ചികിത്സ പരിശീലനം നൽകരുതെന്ന ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കേരള ഘടകത്തിെൻറ പ്രസ്താവന പൊതുജനാരോഗ്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ മുൻ എക്സിക്യൂട്ടിവ് അംഗം ഡോ.ഡി. രാമനാഥൻ. സെൻട്രൽ കൗൺസിലിെൻറ നിർദേശപ്രകാരം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ആയുർവേദം, സിദ്ധ, ഹോമിയോ പ്രാക്ടീഷണർമാർക്ക് പരിശീലനം നൽകുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ കോഡ് ഓഫ് എത്തിക്സ് പ്രകാരമാണ്. ആയുർവേദ സിലബസ് എന്തെന്ന് പഠിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് ഐ.എം.എ കേരള ഘടകത്തിേൻറതെന്ന് ഡോ. രാമനാഥൻ കുറ്റപ്പെടുത്തി. ആയുർവേദ വൈദ്യ ശാസ്ത്ര സിലബസിൽ ആധുനിക വൈദ്യശാസ്ത്രത്തിെൻറ അനാട്ടമി, ഫിസിയോളജി, സർജറി, ബയോ കെമിസ്ട്രി, ഗൈനക്കോളജി എന്നിവ മാത്രമല്ല ആവശ്യമുള്ള അലോപ്പതി ഔഷധങ്ങളും തിയറിയും പഠിപ്പിക്കുന്നുണ്ട്. കേരളത്തിൽതന്നെ അലോപ്പതി ഡോക്ടർമാർ ഗ്രാമീണമേഖലയിൽ പ്രാക്ടിസ് ചെയ്യാൻ തയാറാകാത്തതിനാൽ 5000ലേറെ ഒഴിവുകളുണ്ട്. ഈ അവസ്ഥയിൽ ഹോമിയോ, ആയുർവേദ ഡോക്ടർമാരെ രോഗിയുടെ അവസ്ഥക്ക് അനുസൃതമായി അടിയന്തരഘട്ടങ്ങളിൽ അലോപ്പതി ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ പ്രാപ്തരാക്കുകയെന്ന എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. അല്ലാതെ അലോപ്പതി പ്രാക്ടിസ് ചെയ്യാൻ വേണ്ടിയല്ല. ഏതെങ്കിലും തരത്തിൽ സങ്കര വൈദ്യം പ്രാക്ടിസ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യവും ഉത്തരവിനുണ്ട്. ഐ.എം.എ ഈ ഉത്തരവ് നടപ്പാവാൻ വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വ്യത്യാസമില്ലാതെ സംയുക്തമായി മുന്നോട്ട് പോകണമെന്നും ഡോ. രാമനാഥൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.