തൃശൂർ: ലൈൻ ബസിൽ യാത്ര ചെയ്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ ദുരിതത്തിന് അറുതിയില്ല. ഇൗ അധ്യയന വർഷത്തിൽ വിദ്യാർഥിപ്രശ്നം കൂടുതൽ രൂക്ഷവുമാണ്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനക്ക് സർക്കാർ അനുമതി നൽകാത്തതിനാൽ ബസുകാർ അരിശം തീർക്കുന്നത് കുട്ടികളോടാണ്. ബസുകളിൽ മറ്റ് യാത്രക്കാർ കയറുന്നത് വരെ വിദ്യാർഥികളെ പുറത്ത് നിർത്തരുതെന്ന നേരത്തെയുള്ള തീരുമാനം ഇതുവരെ പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും വിദ്യാർഥികളുടെ നീണ്ടനിര രാവിലെയും വൈകീട്ടും കാണാം. ബസിൽ കലാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് രാവിലെ ഏറെ നേരത്തെ ഇറങ്ങേണ്ടി വരികയും സന്ധ്യയായിട്ടും വീട്ടിൽ എത്താനാവാത്ത സാഹചര്യമാണുള്ളത്. ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ബസിൽ കയറിപ്പറ്റിയാൽ കേൾക്കേണ്ട പഴി ചില്ലറയൊന്നുമല്ല. വിദ്യാർഥികളെ ബസിൽ കയറ്റാൻ മടിക്കുന്നവരാണ് അധിക ബസ് ജീവനക്കാരും. വിദ്യാർഥികൾ മാത്രമുള്ള സ്റ്റോപ്പിൽ ബസ് നിർത്താതെ പോവുന്ന പ്രവണതയും ഉണ്ട്. ഇത്തരം സ്റ്റോപ്പിൽ ഇറങ്ങാൻ യാത്രക്കാരുണ്ടെങ്കിൽ അവരെ സ്റ്റോപ്പിൽ നിന്ന് അൽപം മാറി ഇറക്കുകയാണ് ചെയ്യുന്നത്. മുതിർന്ന പെൺകുട്ടികളോട് അടക്കം പരുഷമായാണ് ജീവനക്കാർ പെരുമാറുന്നത്. വിദ്യാർഥിനികൾ അടക്കം ഏറെ സാഹസപ്പെട്ടാണ് സ്കൂളിൽ പോയി വീട്ടിൽ തിരിച്ചെത്തുന്നത്. അഞ്ചുപേരിൽ കൂടുതൽ കുട്ടികളെ ബസിൽ കയറ്റില്ലെന്ന വാശിയിലാണ് ബസ് ജീവനക്കാർ. കയറ്റുന്ന വിദ്യാർഥികളിൽ നിന്ന് മുഴുവൻ പണം വാങ്ങുന്ന കണ്ടക്ടർമാരുമുണ്ട്. പുതിയ കൺസെഷൻ കാർഡ് ലഭിക്കുന്നത് വരെ പഴയത് ഉപയോഗിക്കാമെന്ന ആർ.ടി.ഒയുടെ നിർദേശം പാലിക്കാതെയാണ് കുട്ടികളിൽ നിന്ന് അധിക പണം ഈടാക്കുന്നത്. പെൺകുട്ടികളിൽ നിന്നാണ് അധികവും പണം പിടുങ്ങുന്നത്. ബസ് ജീവനക്കാർക്ക് ബസിെൻറ പേരോടുകൂടി തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് നിർബന്ധമാക്കുമെന്നതും നടന്നിട്ടില്ല. അധ്യയന വർഷത്തിെൻറ തുടക്കത്തിൽ വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. ഇത് അനുസരിച്ച് ബസ് സ്റ്റാൻഡുകളിൽ അടക്കം പൊലീസിനെ വിന്യസിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ബസ് സ്റ്റാൻഡുകളിൽ അടക്കം പരിശോധിക്കാൻ പൊലീസും അധികൃതരും രംഗത്തില്ലാത്തതിനാൽ ജീവനക്കാർ കുട്ടികൾക്ക് മേൽ കുതിര കളിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.