മാള: മസ്കുലർ ഡിസ്ട്രോപ്പിയെന്ന രോഗം ബാധിച്ച് ജീവിതത്തോട് പൊരുതി ഒടുവിൽ മുൻഷാബി മരണത്തിന് കീഴടങ്ങി. പട്ടേപാടം കുതിരത്തടം പെരുമ്പിലാവ് വീരാസയുടെ മകൾ മുൻഷാബി(38) എല്ലാ വേദനകളിൽനിന്നും മുക്തയായി ഓർമകളുടെ ലോകത്തേക്ക് യാത്രയായി. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിൽ കഴിയുകയായിരുന്നു മുൻഷാബി. കൈകാലുകൾ കോച്ചി വലിഞ്ഞ് മജ്ജ ചുരുങ്ങുകയായിരുന്നു രോഗലക്ഷണം. അരക്ക് താഴെ തളർന്ന മുൻഷാബിയുടെ ശാരീരികാവസ്ഥ ക്ലേശകരമായിരുന്നു. പരസഹായമില്ലാതെ മറ്റൊന്നിനും കഴിയില്ല. കൈകൾ ചലിക്കുമെങ്കിലും ഒരു കൈക്ക് മറുകൈ സഹായം നൽകണം. സംസാരിക്കാനും കാണാനും കേൾക്കാനും തടസ്സങ്ങളില്ല. രോഗത്തിെൻറ കാഠിന്യം പേറി കഴിയുമ്പോഴും ജീവിതത്തോട് തോറ്റുകൊടുക്കാൻ അവർ തയാറായില്ല. വിദ്യാർഥികൾക്ക് വീട്ടിൽ ട്യൂഷൻ നൽകുക, ആവശ്യക്കാർക്ക് മൊബൈൽ റീചാർജ് ചെയ്യുക എന്നിങ്ങനെ സ്വയം ചെയ്യാവുന്നതെല്ലാം ചെയ്തു. സഹായികളായി രോഗിയായ പിതാവ് വീരാസയും മാതാവ് സുബൈദയും പിന്തുണ നൽകി. നേരത്തേ സഹോദരൻ മുഷ്താഖ് ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മുൻഷാബിക്ക് രോഗം ബാധിച്ചത്. പ്രീഡിഗ്രിതലം വരെ പഠിച്ചു. രോഗം മൂർധന്യത്തിലായതോടെ പഠനം ഉപേക്ഷിച്ചു. അലോപ്പതിയിൽ ചികിത്സയിെല്ലന്നറിഞ്ഞതോടെ ആയുർവേദവും ഹോമിയോപ്പതിയും നാടൻ ചികിത്സകളും നടത്തി നോക്കി. ഒന്നിലും ആശ്വാസം കണ്ടെത്താനായില്ല. ആരുടെ മുന്നിലും സങ്കടം പങ്കുെവക്കാൻ മുൻഷാബി തയാറായിരുന്നില്ല. പ്രതീക്ഷകൾ കൈവിട്ടതുമില്ല. പത്രവായന ശീലമാക്കിയ അവർ സമൂഹമാധ്യമങ്ങൾവഴി തന്നെപോലെ ദുരിതം പേറുന്നവരെ കണ്ടെത്തി. ഇവരുമായി നിരന്തര ബന്ധം സ്ഥാപിച്ചു. പിന്നീട് ഇവരുടെ കൂട്ടായ്മ രൂപെപ്പടുത്തിയെടുത്തു. തുടർന്ന് സംഗമങ്ങൾ സംഘടിപ്പിക്കാനും യാത്രകൾ നടത്താനും ഈ യുവതിക്ക് കഴിഞ്ഞു. വൈകല്യം ബാധിച്ച് വീട്ടിനുള്ളിൽ അകപ്പെട്ടവരെ കണ്ടെത്തി ജീവിതത്തോട് പൊരുതാൻ പഠിപ്പിച്ചു. തനിയെ കഴിയുന്നവരെ കണ്ടെത്തി അവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന് സുമനസ്സുകളെ ബന്ധപ്പെടുത്തി. അംഗ വൈകല്യമുള്ളവർക്ക് സാധ്യമായ ചികിത്സകൾക്കും സഹായങ്ങൾക്കും വഴികൾ കണ്ടെത്തി. ഇങ്ങനെ നിരവധി പേർക്ക് ആശ്രയമായി. വർഷങ്ങളുടെ ചില്ലറ തുട്ടുകൾ കൂട്ടി െവച്ച് തീർഥാടനത്തിന് പോകാനും മുൻഷാബിക്ക് കഴിഞ്ഞു. ജീവിതത്തോട് മല്ലിട്ട തോൽക്കാത്ത മനസ്സുമായാണ് മുൻഷാബി മരണത്തിന് കീഴടങ്ങിയത്. മകെൻറ വേർപാടിെൻറ നടുക്കം മാറാത്ത മാതാപിതാക്കൾ മനമുരുകി മകളുടെ രോഗശാന്തിക്കായി പ്രാർഥിെച്ചങ്കിലും ഫലമുണ്ടായില്ല. മുൻഷാബിയെന്ന സന്നദ്ധ പ്രവർത്തകയുടെ സംസ്കാര ചടങ്ങിനെത്തിയത് വൻ ജനാവലിയാണ്. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ലിയു.ആർ.എഫ്)സംസ്ഥാന സമിതി അംഗവും, തൃശൂർ ജില്ലാ ജോ. സെക്രട്ടറിയും കൂടിയായിരുന്നു ഈ യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.