ദേശീയപാതയിൽ യാത്രാസൗജന്യം നിഷേധിക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

ആമ്പല്ലൂര്‍: ദേശീയപാതയിൽ യാത്രാസൗജന്യം നിഷേധിക്കുന്നതിനെതിരെ ഡി.സി.സി. വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ്, കുരിയച്ചിറ സ്വദേശി ചിറമ്മല്‍ ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് സെക്രട്ടറി, ജില്ല കലക്ടര്‍, ദേശീയപാത അതോറിറ്റി ചീഫ് ജനറല്‍ മാനേജര്‍, പ്രോജക്ട് ഡയറക്ടര്‍, കേന്ദ്ര ഗതാഗത വകുപ്പ് സെക്രട്ടറി, നാഷനല്‍ പേയ്‌മ​െൻറ് കോർപറേഷന്‍, ടോള്‍ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. 2012 ലെ ഉത്തരവ് പ്രകാരം പാലിയേക്കര ടോള്‍പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് യാത്രാസൗജന്യം അനുവദിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 16 മുതല്‍ രാജ്യത്തെ ടോള്‍പ്ലാസകളില്‍ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം നിര്‍ത്തലാക്കുകയും ഫാസ്റ്റാഗ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനം നടപ്പാക്കുന്നതി​െൻറ ഭാഗമായി പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് പുതിയ സ്മാര്‍ട്ട് കാര്‍ഡ് അനുവദിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. പ്രശ്‌നത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് ഹൈകോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ ഭാഗം ബോധിപ്പിച്ചു. പാലിയേക്കര ടോള്‍പ്ലാസയില്‍ 43,000 സൗജന്യ യാത്രാപാസാണ് അനുവദിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.