തൃശൂർ: വാടാനപ്പള്ളിയിലെ വ്യാജമണൽക്കടത്ത് കേസിൽ കുറ്റക്കാരെന്ന് ഹൈകോടതി കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തത് സംബന്ധിച്ച് തൃശൂർ റേഞ്ച് ഐ.ജിയോട് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. കുറ്റക്കാരെ സഹായിക്കേണ്ടതില്ലെന്നും സഹായിച്ചാൽ നടപടിയുണ്ടാവുമെന്നും ഐ.ജിയെ അറിയിച്ചതായാണ് വിവരം. പരാതിയിൽ നടപടി വൈകിക്കരുതെന്നും ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് കെട്ടിച്ചമച്ചതെന്ന് ഹൈകോടതിയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും കണ്ടെത്തിയ അനധികൃത മണൽക്കടത്ത് കേസിന് കാരണമായ ഡി.വൈ.എഫ്.ഐ നേതാവ് മുഫസിലിനെ മർദിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തത് സംബന്ധിച്ച് മുഫസിലിെൻറ പിതാവ് മുഹമ്മദ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടൽ. വാടാനപ്പള്ളി മുൻ എസ്.ഐ എം.പി. സന്ദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോഷ്, ഫൈസൽ, ഗോപകുമാർ എന്നിവരും, കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരൻ, സുനിൽ പ്രകാശ് എന്ന ഹോംഗാർഡ് എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവർക്കെതിരെ വകുപ്പ്തല നടപടിയും നിർദേശിച്ചിരുന്നു. ഹൈകോടതി പറഞ്ഞിട്ടും പൊലീസുകാർക്കെതിരെ കേസെടുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പള്ളി സെൻററിൽ നിന്നും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മുഫസിലിനെ പിടിച്ചു കൊണ്ട് വന്ന് മർദിച്ച സംഭവമാണ് പിന്നീട് പൊലീസ് കെട്ടിച്ചമച്ച മണൽക്കടത്ത് കേസ് ആയി മാറിയത്. മുഫസിലിനെ മർദിക്കുന്നത് കണ്ട് സാക്ഷിയായെത്തിയ ശ്രീജിത്തിനെയും മുഫസിലിനെയും ചേർത്തായിരുന്നു പൊലീസ് മണൽക്കടത്ത് കേസ് എടുത്തത്. ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് പൊലീസിനെതിരെ തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസം കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഭീഷണിയും സമ്മർദത്തിലാക്കാനും ശ്രമിച്ചതും കോടതിയെ അറിയിക്കാനാണ് ശ്രീജിത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.