ദേവസ്വങ്ങളോട് നിലപാട് വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ്; കണക്കുകളും വിശദാംശങ്ങളുമായി മറുപടി

തൃശൂർ: ദേവസ്വങ്ങളുടെ വരുമാനം കൈയടക്കാനും പൂരം അട്ടിമറിക്കാനുമാണ് കൊച്ചിൻ േദവസ്വം ബോർഡ് ശ്രമിക്കുന്നതെന്ന ആരോപണങ്ങൾക്ക് കണക്കും വിശദാംശവും നിരത്തി കൊച്ചിൻ ദേവസ്വം ബോർഡി​െൻറ മറുപടി. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ ദേവസ്വങ്ങളുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ബോർഡി​െൻറ മറുപടി. പൂരം പ്രദർശനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയുടെ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. കൺട്രോൾ ക്ഷേത്രങ്ങളും കീഴേടം ക്ഷേത്രങ്ങളും പങ്കെടുക്കുന്ന, ലോകത്തിന് മുന്നിലെ കേരളത്തി​െൻറ അഭിമാന അടയാളമായ പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് അവഗണന നേരിട്ടിരുന്നതും ചർച്ചയായി. തുടർന്നാണ് പൂരത്തി​െൻറ മേൽനോട്ടത്തിനും 20 ലക്ഷം തറവാടക നിശ്ചയിച്ചും ധാരണയായത്. എന്നാൽ, ദേവസ്വങ്ങളുടെ വരുമാനം കൈയടക്കാനും പൂരം അട്ടിമറിക്കാനുമുള്ള ഇടതുമുന്നണിയുടെ നീക്കമാണെന്ന രാഷ്ട്രീയ ആരോപണം ഉ‍യർന്നതോടെയാണ് കണക്കുകളും വിശദാംശങ്ങളും ബോർഡ് നിരത്തിയത്. ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന ആഘോഷം എന്ന നിലയില്‍ എല്ലാവിധ കരുതലും മുന്നൊരുക്കങ്ങളും ദേവസ്വം ബോര്‍ഡ് ചെയ്യാറുണ്ട്. മുൻ െകാച്ചി രാജ്യത്തെ ദേവസ്വം വകുപ്പില്‍ നിക്ഷിപ്തമായിരുന്ന ദേവസ്വങ്ങളുടെയും മറ്റു ഹിന്ദുധർമ സ്ഥാപനങ്ങളുടെയും കാര്യക്ഷമമായ ഭരണ നിര്‍വഹണത്തിനുവേണ്ടി കൂടിയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ആ നിലയില്‍ പൂരം പ്രമാണിച്ചുള്ള എല്ലാ ആചാരാനുഷ്ഠാനങ്ങളും നിർവഹിക്കാനുള്ള ചുമതല ദേവസ്വം ബോര്‍ഡിനാണ്. ബോര്‍ഡി​െൻറ ഉടമസ്ഥതയിലുള്ള തേക്കിൻകാട് മൈതാനം ചതുരശ്ര അടിക്ക് ആറ് രൂപ പ്രകാരമാണ് നല്‍കാറ്. സര്‍ക്കാര്‍, അർധസര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ കാര്യങ്ങള്‍ എന്നിവക്ക് സൗജന്യ നിരക്കിലും അനുവദിക്കാറുണ്ട്. പൂരം കമ്മിറ്റിക്കും ഈ ഇളവുകൾ അനുവദിക്കുന്നുണ്ട്. എന്നാല്‍, 2011മുതൽ 2015വരെ സാമ്പത്തിക വര്‍ഷങ്ങളില്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗത്തി​െൻറ നിർദേശം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിഷ്‌കര്‍ഷിക്കുകയാണ് ചെയ്തതെന്ന് മറുപടിയിലുണ്ട്. എക്‌സിബിഷന്‍ നടത്തിയും പരസ്യം പ്രദര്‍ശിപ്പിച്ചും പാര്‍ക്കിങ് ഫീസ് പിരിച്ചും പൂരം കമ്മിറ്റി വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. നിസാര തുക മാത്രം ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നു. വന്‍തോതിലുള്ള വരുമാനനഷ്ടം ബോര്‍ഡിന് സംഭവിക്കുന്നു. അതുകൊണ്ട് ഒരു രൂപ നിരക്കിലെങ്കിലും ഗ്രൗണ്ട് വാടക ഈടാക്കണമെന്നാണ് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗത്തി​െൻറ നിർദേശം. 2017ൽ പൂരം കമ്മിറ്റിയില്‍നിന്ന് ദേവസ്വം ബോര്‍ഡിനു ലഭിച്ചത് -14.21ലക്ഷം രൂപയാണ്. ഈ വർഷത്തെ പൂരം നടത്തിപ്പ് ചര്‍ച്ചയില്‍ ജി.എസ്.ടി പൂരാഘോഷത്തെ ബാധിെച്ചന്നും കൂലിയിലും ചെലവിലും വന്ന വർധന ചൂണ്ടിക്കാട്ടിയപ്പോൾ ചതുരശ്ര അടിക്ക് 75 പൈസ പ്രകാരം 2.65 ലക്ഷം- ച.അടി സ്ഥലം അനുവദിച്ചു. ഇതിലൂടെ 19.85 ലക്ഷം രൂപ ബോർഡിന് ലഭിക്കും. ഇതുള്‍പ്പെടെ 20 ലക്ഷം രൂപയാണ് നിശ്ചയിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കുള്ള പവലിയൻ നിർമാണവും പാര്‍ക്കിങും ഇത്തവണ ദേവസ്വം ബോര്‍ഡ് നടത്തും. പൂരാഘോഷം പെരുമ നിലനിര്‍ത്തി പൊലിമ നഷ്ടപ്പെടാതെ സംഘടിപ്പിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ ഒപ്പുവെച്ചുള്ളതാണ് ബോർഡി​െൻറ മറുപടി. ബോർഡി​െൻറ നടപടിക്രമം സുതാര്യമാണെന്ന് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ പറഞ്ഞു. സമ്മർദ തന്ത്രങ്ങൾ വിലപ്പോവില്ലെന്ന് ബോധ്യപ്പെടുത്തൽകൂടി ബോർഡ് ലക്ഷ്യമിടുന്നുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.