ഷോളയാറിൽ കുടുങ്ങിയവർ പുറത്തെത്തി

തൃശൂർ: ഉരുൾപൊട്ടലിനെ തുടർന്ന് ഷോളയാർ വൈദ്യുതി നിലയത്തിലും അമ്പലപ്പാറ ഡാമിലും കുടുങ്ങിയ എല്ലാവരും സുരക്ഷിതരായി പുറത്തെത്തി. ആദ്യം പുറത്തുകടന്നവർ നടന്നും പിന്നീടുള്ളവർ ജീപ്പിലുമാണ് പുറത്തെത്തിയത്. ഇവർക്ക് പകരം ഡ്യൂട്ടിയിൽ ഹാജരാകേണ്ടവർ നിലയത്തിലും ഡാമിലും എത്തി. അതേസമയം, ജീപ്പ് ഒാടിക്കാനാകുംവിധം റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. ആഗസ്റ്റ് 15ന് വൈകീട്ട് ആറ് മുതൽ 10 മണിക്കൂർ പെയ്ത അതിവർഷത്തെ തുടർന്ന് മലക്കപ്പാറക്കും ഷോളയാറിനുമിടയിൽ ആറിടത്താണ് ഉരുൾപൊട്ടിയത്. ഷോളയാറിൽ 358 മില്ലി മീറ്റർ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് നിലയത്തിലും ഡാമിലുമായി 165 പേരാണ് കുടുങ്ങിയത്. ഇവരിൽ 100 പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്. നിലയത്തിലെ അറ്റകുറ്റപ്പണിക്കായി നേരത്തെ എത്തിയ ഇവർ ഇപ്പോഴും അവിടെയുണ്ട്. നിലയത്തിൽനിന്ന് 14 കിലോമീറ്റർ മുകളിലായുള്ള ഡാമിൽ ഉദ്യോഗസ്ഥർ അടക്കം എട്ട്പേരുണ്ടായിരുന്നു. ടെലിഫോൺ ബന്ധം അറ്റതോടെ ആശയവിനിമയവും ഇല്ലാതായി. കുടുങ്ങിയവരിൽ ഹൃദ്രോഗിയായ സെക്യൂരിറ്റി ജീവനക്കാരൻ അടക്കം മൂന്നുപേരെ നാവികസേന എയർ ലിഫ്റ്റ് ചെയ്തിരുന്നു. ഉരുൾപൊട്ടി മൂന്ന് ദിവസം കഴിഞ്ഞാണ് റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാൽ, മലക്കപ്പാറ ഭാഗത്ത് പണി പൂർത്തിയായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഷോളയാർ വരെ ജീപ്പ് ഒാടിക്കാനാവും വിധം റോഡായിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾക്ക് പോകാവുന്ന വിധം റോഡ് പൂർവ സ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.