ഇരിങ്ങാലക്കുട: കലക്ടർ ഇടപെട്ടതോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളി കോളനിയിലുള്ള കുടിവെള്ളപദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി നഗരസഭ അധികൃതര്‍ നീട്ടിക്കൊണ്ടുപോയ വിഷയമാണ് കലക്ടര്‍ ടി.വി. അനുപമയുടെ സന്ദര്‍ശനത്തോടെ മണിക്കൂറിനുള്ളിൽ പരിഹാരമായത്. 2007ല്‍ ജില്ല പഞ്ചായത്തിെൻറ ധനസഹായത്തോടെ കമീഷന്‍ ചെയ്ത ഇ.കെ. നായനാര്‍ സ്വാശ്രയ കുടിവെള്ളപദ്ധതി വഴിയാണ് കോളനിയിലെ 23 വീട്ടുകാര്‍ക്ക് വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്ന് കോളനിവാസികള്‍ കുറച്ചുനാളുകളായി അടുത്തുള്ള പൊതുടാപ്പിനെ ആശ്രയിക്കുകയായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാപ്രാണം സെൻറ് സേവിയേഴ്സ് സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്നവർ കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കാതെ ക്യാമ്പില്‍നിന്ന് മടങ്ങില്ലെന്ന് നിലപാടെടുത്തതോടെ റവന്യൂ അധികൃതര്‍ വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ ജില്ല കലക്ടര്‍ സ്ഥലത്തെത്തി. ഉടന്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന് അടിയന്തരമായി മോട്ടോറിെൻറ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം മാളയില്‍ ക്യാമ്പ് ചെയ്തിരുന്ന കാസര്‍കോട് ഐ.ടി.ഐയില്‍ നിന്നുള്ള 20 ഇലക്ട്രീഷ്യന്‍മാര്‍ അടങ്ങിയ സംഘം കോളനിയില്‍ എത്തി വീടുകളിലെ റിപ്പയറിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തി. മോട്ടോര്‍ പമ്പ് ശരിയാക്കുന്നതുവരെ ടാങ്കറില്‍ കുടിവെള്ളവും കോളനിയിലെത്തിച്ചു. നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തില്‍ മോട്ടോറും പമ്പ്സെറ്റും മാറ്റി പദ്ധതിയും പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. പ്രളയം പീച്ചംപിള്ളി കോളനിയില്‍ കനത്ത നാശമാണ് വിതച്ചത്. നാല് വീടുകള്‍ പൂര്‍ണമായും തകരുകയും 15 വീടുകള്‍ക്ക് ഭാഗികമായി തകര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ ആർ.ഡി.ഒ ഡോ.എം.സി. റെജില്‍, തഹസില്‍ദാര്‍ ഐ.ജി. മധുസൂദനന്‍, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, സിന്ധു ബൈജന്‍, സിസി ഷിബിന്‍, സിജി അജയകുമാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.