അതിരപ്പിള്ളി: കാലാവസ്ഥ അനുകൂലമായതോടെ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നു. എന്നാല്‍, ഈ മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഴച്ചാലും തുമ്പൂര്‍മുഴിയും സുരക്ഷാകാരണങ്ങളാല്‍ തുറന്നിട്ടില്ല. ഇവ തുറക്കാന്‍ ഒരു മാസമെങ്കിലും കഴിയും. ചാര്‍പ്പ ഭാഗത്ത് ആനമല റോഡിെൻറ സുരക്ഷാഭിത്തിയോട് ചേര്‍ന്ന് മണ്ണിടിഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമായതിനാലാണ് വാഴച്ചാലിലേക്ക് പ്രവേശനം നിഷേധിച്ചത്. ഉരുള്‍പൊട്ടി പുഴ ഇരച്ചുകയറിയതിനാൽ തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ ഒട്ടേറെ നാശമാണ് ഉണ്ടായത്. ഇത് പരിഹരിക്കാതെ രണ്ടിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ല. അതിരപ്പിള്ളിയില്‍ പടവുകള്‍ തകര്‍ന്നതിനാല്‍ വെള്ളച്ചാട്ടത്തിെൻറ താഴോട്ട് പ്രവേശനം അനുവദിക്കില്ല. കനത്ത പ്രവാഹത്തില്‍ ഇവിടെ ഭൂഘടനക്ക് മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് താഴെയുള്ള പാറക്കെട്ടുകളിലേക്കും കടത്തിവിടുകയില്ല. വിനോദസഞ്ചാരകേന്ദ്രത്തില്‍ മരച്ചുവട്ടിലും മറ്റുമായി കൂടുതല്‍ ഇരിപ്പിടങ്ങളും മേല്‍ക്കൂരകളും തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം അതിരപ്പിള്ളിയില്‍ പ്ലാസ്റ്റിക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന കുപ്പികള്‍, പാക്കറ്റുകള്‍ എന്നിവക്ക് 10 രൂപ വീതം നല്‍കണം. മടങ്ങിവരുമ്പോള്‍ ഇവ ജീവനക്കാരെ തിരികെ ഏല്‍പിച്ചാല്‍ പണം നല്‍കും. വനമേഖലയില്‍ കനത്ത മഴ പെയ്യുകയും പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പിക്കുളം തുടങ്ങിയ ഡാമുകള്‍ തുറക്കുകയും ചാലക്കുടിപ്പുഴയില്‍ അപകടകരമായി വെള്ളം ഉയരുകയും ചെയ്തതോടെ ഈ മാസം 15നാണ് അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. ഈ വര്‍ഷം മൂന്ന് തവണ ഇവ അടച്ചിടേണ്ടിവന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം വലിയ പ്രതിസന്ധിയാണ് അതിരപ്പിള്ളിയിൽ ഉണ്ടായത്. കനത്ത വെള്ളം ഇരച്ചുകയറിയതോടെ വെള്ളച്ചാട്ടത്തിന് സമീപത്തെ മുളവേലിയും സഞ്ചാരികളെ നിയന്ത്രിക്കാനുള്ള വനസംരക്ഷണസമിതിയുടെ കാവല്‍പ്പുരയും ഒഴുകിപ്പോയി. മുളവേലി പുതുതായി നിര്‍മിച്ചു. ചാര്‍പ്പ പാലത്തിന് തകരാർ സംഭവിച്ചതാണ് വാഴച്ചാലിലേക്ക് പോകാന്‍ പ്രയാസമുണ്ടാക്കുന്നത്. ചാര്‍പ്പ വെള്ളച്ചാട്ടം കുതിച്ചുചാടിയതിനെത്തുടര്‍ന്ന് മുമ്പ് തന്നെ ഇവിടത്തെ പഴയപാലം തകര്‍ന്നിരുന്നു. ഇപ്പോള്‍ അല്‍പം അപ്പുറത്തായി റോഡിെൻറ ഒരു വശം തകര്‍ന്നതോടെ വലിയ വാഹനങ്ങള്‍ കടത്തിവിടുന്നത് അപകടകരമാണ്. വാഴച്ചാല്‍ കേന്ദ്രത്തിലും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ജില്ല ടൂറിസത്തിെൻറ നിയന്ത്രണത്തിലുള്ള തുമ്പൂര്‍മുഴിയില്‍ ഐ.ബിക്ക് സമീപം ഉരുൾപൊട്ടലുണ്ടായതിനാല്‍ വന്‍നാശമാണ് ഉണ്ടായത്. ഈ ഭാഗത്ത് മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പുഴ കയറി വന്നതിനാല്‍ കുട്ടികളുടെ പാര്‍ക്കിെൻറ സംരക്ഷണഭിത്തികള്‍ രണ്ടിടത്ത് തകര്‍ന്ന് കിടക്കുകയാണ്. ഗാലറികളും തകര്‍ന്നു. തൂക്കുപാലത്തിന് സുരക്ഷാപ്രശ്‌നം ഉണ്ടാക്കി ഏഴാറ്റുമുഖം ഭാഗത്തെ കാലുകളുടെ സമീപം മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.