കൊടകര: മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിൽ ഗതിമാറിയൊഴുകിയ കുറുമാലിപ്പുഴ ഒരേക്കറോളം കൃഷിഭൂമി കവര്‍ന്നു. ആറ്റപ്പിള്ളി െറഗുലേറ്റര്‍ മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെയാണ് പുഴയുടെ ഇടതുകര വ്യാപകമായി ഇടിഞ്ഞത്. ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകൾ കടപുഴകി. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന അവസ്ഥയിലാണ് പുഴയോരം. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി ചേരാക്കല്‍ ഭാര്‍ഗവി രാമന്‍കുട്ടി, കേശവന്‍, ചന്ദ്രിക, കൈപ്പിള്ളി സൗമിനി ഭാസ്‌കരന്‍, കുന്നമ്പിള്ളി ശങ്കരന്‍നായര്‍, പാറപ്പുറത്ത് ഉണ്ണികൃഷ്ണന്‍, ജയന്‍ തുടങ്ങി നിരവധി പേരുടെ കൃഷിഭൂമിയാണ് പുഴയിലേക്കിടിഞ്ഞത്. പുഴയിൽ തെങ്ങുകളടക്കം ഫലവൃക്ഷങ്ങള്‍ വീണത് നീരൊഴുക്കിനു തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്താല്‍ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ട് കൂടുതല്‍ നാശം സംഭവിക്കുമെന്ന ഭീതി നാട്ടുകാര്‍ക്കുണ്ട്. പുഴയുടെ മറുകരയിലെ നന്തിപുലത്തും കൃഷിഭൂമി പുഴയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രളയജലം കൂടുതൽ രൂക്ഷമായി ബാധിച്ച മേഖലയാണ് മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി. വീടുകളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ മത്സ്യതൊഴിലാളികളെത്തിയാണ് രക്ഷപ്പെടുത്തിയത്. ശുചീകരണം നടത്തി വീടുകളിലേക്ക് കുടുംബങ്ങള്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇനിയും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പുഴയില്‍ വീണ മരങ്ങളും ഫലവൃക്ഷങ്ങളും നീക്കുകയും പുഴയോരം കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.