തൃശൂർ: സ്വരുക്കൂട്ടിയ സ്വപ്നങ്ങളെല്ലാം കലിയിളകിയ കാലവർഷം കവർന്നെടുത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിൽ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങൾക്കിടയിലേക്ക് തിരുവോണ നാളിൽ അവരെത്തി- മന്ത്രിമാരും സിനിമാതാരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും ജനപ്രതിനിധികളും മതസാമുദായിക നേതാക്കളുമെല്ലാം. മനം തകർന്ന ജീവിതങ്ങൾക്കൊപ്പം തിരുവോണ സദ്യയുണ്ട്, വീണ്ടെടുപ്പിെൻറയും അതിജീവനത്തിെൻറയും അനിവാര്യതയറിയിച്ച് അതിനുള്ള ആത്മവിശ്വാസം പകർന്ന് അവർ അവിടെ മണിക്കൂറുകൾ ചെലവിട്ടപ്പോൾ തകർന്ന മനസ്സുകളിൽ പ്രതീക്ഷയുടെ നാമ്പ് കിളിർത്തു. പ്രളയക്കെടുതി വെളിച്ചം നഷ്ടപ്പെടുത്തി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കൊപ്പം മന്ത്രിമാരായ രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, നടൻമാരായ മമ്മൂട്ടി, സംവിധായകൻ നാദിർഷ, രമേഷ് പിഷാരടി എന്നിവരും പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോട്ടപ്പുറം രൂപത ബിഷപ് ജോസഫ് കാരിക്കാശേരി, ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമെല്ലാം തിരുവോണ നാളിൽ ദുരിതാശ്വാസ ക്യാമ്പിൽ ചെലവിട്ടു. കോട്ടപ്പുറം, മാള മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു മമ്മുട്ടി, നാദിർഷ, രമേഷ് പിഷാരടി, ഡോ. മാർ ജോസഫ് കാരിക്കാശേരി എന്നിവരെത്തിയത്. ഏങ്ങണ്ടിയൂരിലെ സെൻറ്തോമസ് സ്കൂളിലെ ക്യാമ്പിലായിരുന്നു സ്റ്റീഫൻ ദേവസിയെത്തിയത്. ഇവിടെ സദ്യയുണ്ട്, സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും അരങ്ങേറി. ഒളരി പള്ളി ദുരിതാശ്വാസ ക്യാമ്പംഗങ്ങൾക്കൊപ്പമായിരുന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിെൻറ ഓണം. അതിജീവനത്തിനായി ആത്മവിശ്വാസത്തിെൻറ കരുത്ത് പകർന്ന്, ഒപ്പമുണ്ടെന്ന് അറിയിച്ചായിരുന്നു ഇവർ മടങ്ങിയത്. കാലവർഷക്കെടുതിയിൽ മനസ്സ് തളർന്നവരെ ആത്മവിശ്വാസം നൽകി തിരികെ കൊണ്ടുവരാൻ കലാ-സാംസ്കാരിക പ്രവർത്തകരോട് രംഗത്തിറങ്ങാൻ സാംസ്കാരിക മന്ത്രി എ.െക. ബാലൻ നേരിട്ട് അഭ്യർഥിച്ചിരുന്നു. സാമൂഹികനീതി വകുപ്പാണ് ക്യാമ്പിൽ ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.