ഉരുൾപൊട്ടൽ: മാന്ദാമംഗലത്ത്​ സോയിൽ പൈപ്പിങും

തൃശൂർ: പ്രളയത്തിനിടെ ജില്ലയിൽ പലഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ പുതിയ പ്രതിഭാസം. മലോയര പ്രദേശമായ മാന്ദാമംഗലം മേഖലയിലാണ് സോയിൽ പൈപ്പിങ് എന്നറിയപ്പെടുന്ന ഭൗമ പ്രതിഭാസം സ്ഥിരീകരിച്ചത്. ഭൂമിക്കടിയിൽ നിന്നും മണ്ണും വെള്ളവും പുറന്തള്ളപ്പെടുന്നതാണ് സോയിൽ പൈപ്പിങ്. ജില്ലയിൽ ഏറ്റവും അധികം മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറുകയും ചെയ്ത മേഖലയാണ് മാന്ദാമംഗലം. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല പരിസര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമികപഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സുദീർഘവും ആഴത്തിലുമുള്ള ശാസ്ത്രീയ പഠനങ്ങൾ എത്രയും പെട്ടന്ന് നടത്തണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഭൗമശാസ്ത്രജ്ഞനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ ഗവേഷകനുമായ ഡോക്ടർ എസ്. ശ്രീകുമാർ അഭിപ്രായപ്പെട്ടു. പുലിക്കണ്ണി, എച്ചിപ്പാറ, പുത്തൻകാട്, വെട്ടുകാട്, എട്ടാംകല്ല് തുടങ്ങി മലയിടിച്ചിൽ സംഭവിച്ച പ്രദേശങ്ങളാണ് സംഘം സന്ദർശിച്ചത്. പുലിക്കണ്ണിയിലെ ഒരു റബർ തോട്ടത്തിലെ കോണ്ടൂർ കയ്യാലയുടെ സമാന്തരമായാണ് മലയിടിച്ചിലി​െൻറ തുടക്കം. മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തീർത്തും വാസയോഗ്യമല്ലാതെയായി. എട്ടാം കല്ല്, പുത്തൻകാട് ഭാഗത്ത് മലഞ്ചെരുവിലും റോഡിലും ഉപരിതലത്തിൽ അഗാധമായ നീണ്ട വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ഈ പ്രദേശങ്ങളിൽ പഠനം നടത്തണമെന്നാണ് വിദഗ്ധസംഘത്തി​െൻറ അഭിപ്രായം. കൃഷിക്കും കെട്ടിടത്തി​െൻറ സ്ഥിരതക്കും ഭീഷണി ഉയർത്താൻ കെൽപ്പുള്ളതാണ് സോയിൽ പൈപ്പിങ്. പരിഷത്ത് ജില്ല കമ്മിറ്റി അംഗമായ ഡോ. കെ. വിദ്യാസാഗർ, കെ.കെ. അനീഷ് കുമാർ, പരിഷത്ത് ഒല്ലൂക്കര മേഖല സെക്രട്ടറി സോമൻ കാര്യാട്ട്, കൊടകര മേഖല കമ്മിറ്റി അംഗങ്ങളായ ടി. എൻ. മുകുന്ദൻ, എ.ടി. ജോസ്, അബ്ദുൽ ഗഫൂർ, പരിഷത്ത് സംസ്ഥാന പരിസര വിഷയ സമിതി അംഗം മനോജ് കരിങ്ങാമഠത്തിൽ തുടങ്ങിയവർ പഠന സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.