തൃശൂർ: മഴക്കെടുതിയും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുമായി വലയുന്നവർക്ക് സാന്ത്വനവുമായി പോണ്ടിച്ചേരിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ജിപ്മെറിൽ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്) നിന്നുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി. ജിപ്മെറിലെ ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രദീപ് എസ്. നായരുടെ മേൽനോട്ടത്തിലുള്ള സംഘത്തിൽ വിവിധ സ്പെഷാലിറ്റി ഡോക്ടർമാരും നഴ്സിങ് ഓഫിസർമാരും പാരാ മെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 35 പേരുണ്ട്. നായരങ്ങാടി, കാഞ്ഞാണി, പറവട്ടാനി, വടക്കേക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാഴാഴ്ച ചികിത്സ ക്യാമ്പുകൾ നടത്തി. വെള്ളിയാഴ്ച കോടാലി, മറ്റത്തൂർ, വേലൂപ്പാടം, വരന്തരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു പ്രവർത്തനം. ജില്ല ആശുപത്രിയുമായി സഹകരിച്ചാണ് ചികിത്സ ക്യാമ്പുകൾ നടത്തുന്നത്. രണ്ടു ദിവസം കൂടി സംഘം ജില്ലയിലുണ്ടാവും. ജിപ്മെറിൽനിന്നുള്ള അടുത്ത മെഡിക്കൽ ടീം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് തിരിക്കുന്നുണ്ട്. ചികിത്സക്കൊപ്പം മാനസിക സംഘർഷം മറികടക്കാനുള്ള പ്രവർത്തനവും നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ ജിപ്മെർ മാനസികാരോഗ്യ വിഭാഗം അസോ. പ്രഫസർ ഡോ. വികാസ് മേനോെൻറ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. നമ്പർ: 78670 86311. ജിപ്മെറിൽ ജോലി ചെയ്യുന്ന മലയാളികൾ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബ്ലീച്ചിങ് പൗഡർ, അരി, ഗോതമ്പ് , പയർ വർഗങ്ങൾ, വസ്ത്രങ്ങൾ, മറ്റു വീട്ടുസാധനങ്ങൾ എന്നിവയുമായി ഒരു ട്രക്ക് ജിപ്മെറിൽനിന്ന് തൃശൂരിൽ എത്തിയിട്ടുണ്ട്. സംഘത്തിെൻറ സുഗമമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ജിപ്മെർ ഡയറക്ടർ ഡോ. വിവേകാനന്ദം അറിയിച്ചിട്ടുണ്ട്. ഡോ. ബിജു പൊറ്റക്കാട്, ഡോ. സന്തോഷ് സതീഷ്, ഡോ.പ്രദീപ് എസ്. നായർ, ഡോ.ശ്രീരാഗ്, ഡോ. ജഗദീഷ് മേനോൻ, ഡോ. ഹരിചന്ദ്രകുമാർ, ഡോ. ബ്ലെസി, നഴ്സിങ് ഓഫിസർ ഹാവോൾ പ്രഭ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.