ചാലക്കുടി: താലൂക്ക് ആശുപത്രിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍നാശം നേരിട്ട ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ്. വെള്ളം ഉയര്‍ന്നതോടെ രോഗികളെയെല്ലാം മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. സാധാരണക്കാരായ രോഗികളുടെ ആശ്രയമായിരുന്ന താലൂക്ക് ആശുപത്രി സമീപകാലത്തായി ആര്‍ജ്ജിച്ച വികസനങ്ങളും സൗകര്യങ്ങളുമെല്ലാം ഇതോടെ നഷ്ടപ്പെട്ടു. പുഴക്ക് സമീപത്തായതിനാല്‍ കെട്ടിടത്തിെൻറ താഴത്തെ നിലകള്‍ പൂര്‍ണമായും മുങ്ങി. അഡ്മിനിസ്‌ട്രേഷന്‍, ഔട്ട് പേഷ്യൻറ് വിഭാഗങ്ങളാണ് കൂടുതല്‍ നാശം നേരിട്ടത്. ഫാര്‍മസി, ഔട്ട്‌പേഷ്യൻറ് തുടങ്ങിയിടങ്ങളിലെ മരുന്നുകളുടെ ശേഖരവും ലാബും നേത്രരോഗ വിഭാഗത്തിലെ ഉപകരണങ്ങളും കമ്പ്യൂട്ടര്‍ അടക്കമുള്ള യന്ത്രസാമഗ്രികളും നശിച്ചു. മരം കടപുഴകി വീഴുകയും പുഴയില്‍നിന്നെത്തിയ മാലിന്യങ്ങള്‍ ആശുപത്രി വളപ്പില്‍ നിറയുകയും ചെയ്തു. ആശുപത്രിയിലെ സംവിധാനങ്ങള്‍ വൃത്തിയാക്കാനുള്ള ശ്രമം തുടരുകയാണ്. മന്ത്രിയും ശുചീകരണത്തിൽ പങ്കാളിയായി. കെടുതികള്‍ അനുഭവിച്ചവര്‍ ക്യാമ്പില്‍ എത്തിയില്ലെങ്കിലും ഭക്ഷണവും സഹായവും അവരുടെ വീടുകളിലെത്തിക്കണമെന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നേതൃത്വം വഹിക്കുന്ന റസ്റ്റ് ഹൗസിലെത്തി മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് ചാലക്കുടി പള്ളി പാരീഷ് ഹാളിലെയും വി.ആര്‍. പുരത്തെയും രണ്ട് ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തി. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട കുട്ടികളോട് പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും പുതിയത് നല്‍കാമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.