പെരുന്നാൾ​ ക്യാമ്പിൽ; ഒാണത്തിന്​ വീട്ടിലെത്താനാകുമോ?

തൃശൂർ: ജില്ലയിൽ ഏതാണ്ടെല്ലാ പ്രദേശത്തുനിന്നും വെള്ളം ഇറങ്ങി. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ മാത്രം വെള്ളക്കെട്ടുണ്ട്. അതും അതിവേഗം കുറയുന്നു. പക്ഷേ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീട്ടിലെത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ചിലർക്ക് പോകാൻ വീടില്ലാതായി. മറ്റു ചിലരുടെ വീടുകൾ എത്ര ദിവസമെടുത്ത് വൃത്തിയാക്കാനാവും എന്ന് പറയാനാവാത്ത വിധം ചളിയടിഞ്ഞ് കിടക്കുകയാണ്. ബുധനാഴ്ച ബലിപെരുന്നാളാണ്. ക്യാമ്പുകളിൽ കഴിയുന്നവരുടെ ആഘോഷമില്ലാത്ത പെരുന്നാൾ ക്യാമ്പിൽത്തന്നെ. മറ്റൊരു കൂട്ടർ തിരക്കു കൂട്ടുന്നുണ്ട്; ആഘോഷമില്ലെങ്കിലും ഒാണത്തിനു മുമ്പ് വീടു പിടിക്കാൻ. മാള മേഖലയിൽ അന്നമനട പഞ്ചായത്തിലെ ൈവന്തല, കൊച്ചുകടവ്, കുണ്ടൂർ പ്രദേശങ്ങളിലാണ് ഇപ്പോഴും വെള്ളക്കെട്ടുള്ളത്. രക്ഷാപ്രവർത്തനം പൂർത്തിയായി. താമസിക്കാൻ ഇപ്പോഴും ആശ്രയം ക്യാമ്പുകൾതന്നെ. വാടാനപ്പള്ളിയിൽ നടുവിൽക്കര റോഡ്, തൃശൂർ റോഡ് പരിസരങ്ങളിലെ അറനൂറോളം വീടുകളിൽ അരക്കൊപ്പം വെള്ളമുണ്ട്. പതുക്കെയാണ് വെള്ളം കുറയുന്നത്. ചാലക്കുടിയിൽ വെള്ളക്കെട്ട് കഴിഞ്ഞ ദിവസംതന്നെ ഒഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനവും അവസാനിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ ക്യാമ്പിൽ കഴിഞ്ഞ കുറെപ്പേർക്ക് തിരിച്ചു പോകാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടിൽ വെള്ളം ഉയർന്നപ്പോൾ കരുതലിന് വീടു വിടുകയും, പ്രളയശേഷം വീടിന് കാര്യമായ പ്രശ്നമില്ലെന്ന് കാണുകയും ചെയ്തവർക്കാണ് പോകാൻ കഴിഞ്ഞത്. ആറാട്ടുപുഴ ബണ്ട് നിർമാണം പൂർത്തിയായി. ആലപ്പുഴയിൽനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ എട്ടുമുന ബണ്ടും പുനർനിർമിക്കുകയാണ്. ജില്ലയിലെ റോഡ് ഗതാഗതം ഏതാണ്ട് പുനഃസ്ഥാപിച്ചു. ട്രെയിൻ യാത്ര ഇപ്പോഴും സുഗമമല്ല. കാർഷിക മേഖല സമ്പൂർണ തകർച്ചയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.