പൊലിമയില്ലാതെ വിപണി

തൃശൂർ: ഇന്ന് പെരുന്നാൾ; രണ്ടുനാൾ കഴിഞ്ഞാൽ ഓണവും. വിപണിക്ക് തീപിടിക്കുന്ന നാളുകളാണിത്. പക്ഷേ, ഇത്തവണ അങ്ങാടികളിൽ ആഘോഷത്തി​െൻറ പൊലിമയില്ല. ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തില്‍ നാട് വിറങ്ങലിച്ചപ്പോള്‍ കൂപ്പുകുത്തിയത് ഓണം പെരുന്നാൾ വിപണി. നല്ല വ്യാപാരം ലക്ഷ്യമിട്ട് കാലേകൂട്ടി സാധനങ്ങള്‍ ശേഖരിച്ചവര്‍ക്കും പ്രളയം തിരിച്ചടിയായി. ദിവസങ്ങൾ അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും എങ്ങും മ്ലാനത മാത്രം. നിത്യോപയോഗ സാധനങ്ങൾക്കു മാത്രമാണ് പേരിനെങ്കിലും തിരക്കുള്ളത്. പ്രധാനമായും വിൽപന നടക്കേണ്ട ഗൃഹോപകരണ വസ്ത്രവ്യാപാര വിപണിയും തകര്‍ന്നടിയുന്ന കാഴ്ചയാണ്. പ്രളയം എല്ലാം കവർന്നെടുത്തതോടെ അടിയന്തരാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ അത്യാവശ്യം ആളുകളുണ്ട്. സാധാരണയായി ഓണത്തിന് മാസം മുമ്പ് തന്നെ വിപണിയിൽ തിരക്കേറാറുണ്ടെന്നിരിക്കെ, ഇത്തവണ തൊട്ടു മുന്നിലെത്തിയിട്ടും ചലനമില്ല. ദുരിതം നേരിട്ടവർക്ക് ഐക്യദാർഢ്യമായി ഇത്തവണ ആഘോഷം വേണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം വിപണിയിലും പ്രകടം. ആകർഷക ഓഫറുകളുമായി ഗൃഹോപകരണ വിപണന ശാലകളും വസ്ത്ര ശാലകളും ആഭരണ ശാലകളും രംഗത്തെത്തിയെങ്കിലും ഫലമില്ല. കനത്ത നഷ്ടമാണ് ഇത്തവണയുണ്ടായതെന്ന് വ്യാപാരികൾ തന്നെ പറയുന്നു. പുതു പുത്തന്‍ ഫാഷനുകളും ഓഫറുകളുമായാണ് ഓണ വിപണിക്ക് വസ്ത്രവ്യാപാര മേഖല തുടക്കമിട്ടത്. എന്നാൽ ഇതും ദുരന്തമെടുത്തു. ഓണം തൊട്ടുമുന്നിലെത്തിയിട്ടും വ്യാപാര സ്ഥാപനങ്ങളില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. മൊബൈല്‍ ഫോണ്‍ വിൽപന മുതല്‍ കുപ്പിവള, പൊട്ടു വിപണിവരെ ഈ തകർച്ചയിലുണ്ട്. പലവ്യഞ്ജന വിപണിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ക്ലബുകളും കോളജുകളും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസിലുമൊക്കെ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചത് തിരിച്ചടിയായി. പ്രളയം പൂ വിപണിയെയും ബാധിച്ചു. ഓണനാളുകളിൽ ആൾത്തിരക്കിലും വടക്കുന്നാഥൻ മുറ്റം പൂക്കളുടെ മലയായി മാറാറുള്ളത് ഇത്തവണ ആളൊഴിഞ്ഞ നിലയിലാണ്. തോവാള, മധുര തുടങ്ങിയ പൂവിപണിയില്‍ നിന്നും ലക്ഷങ്ങൾ മുടക്കി എത്തിച്ച പൂക്കള്‍ വാങ്ങാന്‍ ആളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.