ചാവക്കാട്: പുന്നയിൽ വെള്ളക്കെട്ടുയർന്ന് സമീപത്തെ സ്കൂളിലേക്ക് മാറിതാമസിച്ച നാൽപത്തഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചാവക്കാട് നഗരസഭയിൽ രൂക്ഷമായി വെള്ളക്കെട്ടുയർന്ന പുന്ന 10ാം വാർഡിൽ ഉൾപ്പെട്ട നൂറോളം പേരാണ് സമീപത്തെ രാജാ സ്കൂളിൽ മാറിത്താമസിച്ചത്. വ്യാഴാഴ്ച രാത്രി മേഖലയിൽ വെള്ളക്കെട്ടുയർന്ന് വീടുകളിൽ കഴിയാനാവാതെ വന്നതോടെയാണ് ഇവർ പിറ്റേന്ന് സ്കൂൾ അധികൃതരുടെ അനുമതിയോടെ താമസം മാറ്റിയത്. ഇങ്ങനെ താമസം മാറുന്ന വിവരം വാർഡ് കൗൺസിലർ എം.ബി. രാജലക്ഷ്മിയെ വിളിച്ചറിയിച്ചിരുന്നു. ഇതേതുടർന്ന് രാജാ സ്കൂളിലെത്തിയ കൗൺസിലർ ഇവരോട് മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനാവശ്യപ്പെട്ട് തിരിച്ചുപോയി. നഗരസഭ അധികൃതർ പിന്നീട് എത്താത്തതിനെ തുടർന്ന് പ്രദേശത്തെ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത്. നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ് രാജാ സ്കൂൾ എന്നും ഇവർക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ പ്രയാസമാണെന്നും അതിനാലാണ് സൗകര്യപ്രദമായ മറ്റു ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടത് എന്നുമാണ് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, സെക്രട്ടറി ടി.എൻ. സിനി എന്നിവരുടെ വിശദീകരണം. അതേസമയം സംഭവമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം നാലോടെ മണത്തല വില്ലേജ് ഓഫിസർ ഉൾപ്പെടുന്ന സംഘം താലൂക്ക് ഓഫിസിൽ നിന്നെത്തി ക്യാമ്പിലുള്ളവരുമായി സംസാരിച്ചു. വിവരം താഹസിൽദാർ, കലക്ടർ എന്നിവർക്ക് റിപ്പോർട്ട് ചെയ്യുമെന്നും ക്യാമ്പിലേക്ക് ആവശ്യമായ എല്ലാ സൗകര്യവും അടിയന്തരമായെത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും വില്ലേജ് ഓഫിസർ നാട്ടുകാർക്ക് ഉറപ്പ് നൽകി. കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഷാനവാസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്ലം എന്നിവർ ക്യാമ്പ് സന്ദർശിച്ചു. പി.കെ. അക്ബർ, റസാഖ് ആലുംപടി, സി.ആർ. ഹനീഫ, നസീമ ഖമറുദ്ദീൻ, ബൽഖീസ് റഷീദ്, ജാസ്മിൻ ഇസ്മായിൽ, സുബൈറ റസാഖ്, ബുഷറ നൗഷാദ് എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.