കയ്പമംഗലം: പ്രദേശത്തെ പ്രളയത്തിന് അറുതിയായില്ല. ഒരു മരണവും ഉണ്ടായി. തീരദേശത്ത് വെള്ളപ്പൊക്കം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും ദുരിതം ഒഴിഞ്ഞില്ല. കിഴക്കന്‍ മേഖല പൂർണമായും വെള്ളത്തിലാണ്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം തുടങ്ങി പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതലാണ് കനോലി കനാല്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് പ്രളയമുണ്ടായത്. മൂന്ന് ദിവസമെടുത്താണ് ഇവിടങ്ങളിലുള്ള ആളുകളെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. വഞ്ചിയിലും മത്സ്യബന്ധന ബോട്ടുകളിലുമായിരുന്നു രക്ഷാപ്രവര്‍ത്തനം. എടത്തിരുത്തി കുട്ടമംഗലം, അയ്യന്‍പടി, സിറാജ് നഗര്‍, കുമ്പളപറമ്പ്, പാപ്പാടം, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മഠത്തിക്കുളം മധുരംപിള്ളി, കോഴിത്തുമ്പ്, കൂനിപ്പറമ്പ്, കാക്കാത്തുരുത്തി, പൊന്മാനിക്കുടം, മതിലകം തുടങ്ങി എല്ലായിടത്തും വെള്ളപ്പൊക്കമാണ്. എടത്തിരുത്തി പഞ്ചായത്ത് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതത്തില്‍ അകപ്പെട്ടത്. ഇനിയും ആളുകള്‍ രക്ഷാകേന്ദ്രത്തിലേക്ക് വരാന്‍ കഴിയാതെ ഒറ്റപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് വിവരം. വെളളം താഴുമെന്ന പ്രതീക്ഷയിൽ പലരും ക്യാമ്പുകളിലേക്ക് വരാൻ തയാറാകുന്നില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കിഴക്കന്‍ മേഖലയില്‍ വൈദ്യുതി, ടെലിഫോണ്‍, ഗതാഗതം, മൊബൈല്‍ നൈറ്റ് വര്‍ക്ക് എന്നിവ പാടെ തകര്‍ന്ന നിലയിലാണ്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കിട്ടാനില്ല. റെസ്‌ക്യൂ വാഹനങ്ങള്‍ക്ക് മാത്രമായാണ് ഇപ്പോള്‍ ഇന്ധന വിതരണം. അരിയും പലചരക്ക് സാധനങ്ങളും ആളുകള്‍ കൂടുതല്‍ വാങ്ങി വെക്കാന്‍ തുടങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം കാലിയായി. പുതിയ സ്റ്റോക്ക് എത്തണമെങ്കില്‍ എത്ര ദിവസം കാത്തിരിക്കണമെന്ന് ഒരു വിവരവുമില്ല. എടത്തിരുത്തി പഞ്ചായത്തില്‍ മാത്രം 15 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആറായിരത്തിലധികം പേരുണ്ടെന്നാണ് കണക്ക്. മറ്റ് പഞ്ചായത്തുകളിലും ഇതേ സ്ഥിതി തന്നെയാണ്. ഞായറാഴ്ച രാവിലെ മുതല്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് അല്‍പം കുറവുണ്ടായെങ്കിലും പലയിടങ്ങളിലും ഇപ്പോഴും കഴുത്തിന് മീതെ വെള്ളമുണ്ട്. ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗിമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. തെക്കോട്ട് കൊടുങ്ങല്ലൂര്‍ വരെയും വടക്കോട്ട് വാടാനപ്പള്ളി വരെയും മാത്രമാണ് ഇപ്പാള്‍ സര്‍വിസുള്ളത്. അതിനിടെ എടത്തിരുത്തിയിലെ ഒരു ക്യാമ്പില്‍ നിന്നും ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. എടത്തിരുത്തി സ്വദേശി കുമ്പളപറമ്പില്‍ ബാലനാണ് (64) ആണ് മരിച്ചത്. എടത്തിരുത്തി സെൻറ് ആന്‍സ് കോണ്‍വെൻറില്‍ നിന്നും ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കാട്ടൂര്‍ കരാഞ്ചിറ ആശുപത്രിയിലെത്തിച്ചതായിരുന്നു. രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.