'മാധ്യമം' മുമ്പേ പറഞ്ഞു; അഴിമതിയിൽ മുങ്ങി കോർപറേഷൻ

തൃശൂർ: വ്യാജരേഖയുണ്ടാക്കി കടമുറിക്ക് ലൈസൻസ് അനുവദിച്ചതിൽ കൗൺസിലറെ അറസ്റ്റ് ചെയ്ത സംഭവമെത്തുമ്പോൾ, കോർപറേഷനിലെ അഴിമതിയെ സംബന്ധിച്ച് 'മാധ്യമം' മുമ്പേ പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ് വടക്കേ ബസ് സ്റ്റാൻഡിൽ തുടങ്ങുന്ന ഹൈപ്പർ മാർക്കറ്റിന് വൈദ്യുതി ലഭിക്കാൻ 28 ലക്ഷം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ചോദിച്ചത് 2017 ഡിസംബർ 12ന് 'മാധ്യമം' പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും ഒതുക്കിത്തീർത്തു. റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം ബേക്കറി-കഫേക്ക് ലൈസൻസ് അനുവദിക്കുന്നതിന് രണ്ട് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ പണം ആവശ്യപ്പെട്ടതും 'മാധ്യമം' കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ടതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. യു.ഡി.എഫ് കാലത്തെ അഴിമതി വിളിച്ചു പറഞ്ഞാണ് ഇടതുമുന്നണി അധികാരമേൽക്കുന്നത്. ആറുമാസം തികക്കില്ലെന്ന പ്രവചനങ്ങളെയും അട്ടിമറിച്ച് ഭരണം രണ്ടുവർഷം കടന്നുപോവുകയും അപ്രതീക്ഷിതമായി പ്രതിപക്ഷത്ത് നിന്നും അംഗത്തെ ചേരിയിൽ എത്തിക്കാനായതും ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് നേട്ടമായിരുന്നു. കേവല ഭൂരിപക്ഷമില്ലെന്ന കാരണത്താൽ ഘടകകക്ഷികളുടെ സമ്മർദത്തിലായിരുന്നു പലപ്പോഴും സി.പി.എം. നിശ്ചിത കാലയളവിൽ ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ മാറണമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണിയുടെ ധാരണയെങ്കിലും മറ്റെല്ലാവരും മാറിയപ്പോഴും സുകുമാരൻ മാത്രം മാറിയിരുന്നില്ല. ഭരണം വീഴ്ത്തുമെന്ന ഭീഷണിയും, വിലപേശലുമായി സി.പി.എമ്മിനെ ഏറെ സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു. ഇതാകട്ടെ അഴിമതിക്കുള്ള വളമാവുകയായിരുന്നു. ഘടകകക്ഷികളുടെ ചെയ്തികളിൽ പലപ്പോഴും സി.പി.എം പ്രതിക്കൂട്ടിലാവേണ്ടിയും വന്നെങ്കിലും നടപടികളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഭരണത്തെ നാണംകെടുത്തുന്ന അറസ്റ്റിലേക്ക് വരെ കാര്യങ്ങളെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.