ചാലക്കുടി നഗരസഭ യോഗം

: തറയിലിരുന്നും വിട്ടുനിന്നും പ്രതിഷേധം പ്രതിപക്ഷം തറയിലിരുന്ന് പ്രതിഷേധിച്ചു; ഭരണപക്ഷത്തെ സ്വതന്ത്ര അംഗങ്ങള്‍ യോഗത്തില്‍ വിട്ടുനിന്ന് പ്രതിഷേധിച്ചു ചാലക്കുടി: തറിയിലിരുന്ന പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷത്തെ സ്വതന്ത്ര അംഗങ്ങൾ വിട്ടുനിന്നും ചാലക്കുടി നഗരസഭ യോഗത്തില്‍ വ്യത്യസ്ത കാഴ്ചകൾ. ഭരണപക്ഷത്തെ ചില അംഗങ്ങള്‍ തമ്മിലുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ നഗരസഭ യോഗം അവസാന നിമിഷം മാറ്റിെവച്ചതെന്ന് ആരോപിച്ചാണ് പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങള്‍ തറയിലിരുന്ന് പ്രതിഷേധിച്ചത്. കലക്ടറുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന കാരണം പറഞ്ഞ് കഴിഞ്ഞ നഗരസഭാ യോഗം ചെയര്‍പേഴ്‌സന്‍ മാറ്റിെവച്ചിരുന്നു. അതേ അജണ്ടകള്‍ തന്നെയാണ് വീണ്ടും ചർച്ചക്ക് വന്നത്. അജണ്ടകള്‍ വായിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ കഴിഞ്ഞ യോഗം മാറ്റിവെക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് ചെയര്‍പേഴ്‌സനോട് ആവശ്യപ്പെട്ടു. കലക്ടറുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാലാണ് മാറ്റിെവച്ചതെന്ന് ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ അറിയിച്ചു. ചാലക്കുടി നഗരസഭയില്‍ നിന്ന് അന്നേ ദിവസം ആരെയും ചര്‍ച്ചക്ക് വിളിച്ചിരുന്നില്ലെന്ന് കലക്ടര്‍ അറിയിച്ചതായി പ്രതിപക്ഷം വാദിച്ചിട്ടും ചെയർപേഴ്സൻ മറുപടിയില്‍ ഉറച്ചു നിന്നു. ചെയര്‍പേഴ്‌സന്‍ പറഞ്ഞത് കളവാണെന്നും ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് യോഗം മാറ്റാന്‍ യഥാര്‍ഥ കാരണമായതെന്നും ആരോപിച്ച് പ്രതിപക്ഷം സ്വന്തം സീറ്റുകള്‍ ഉപേക്ഷിച്ച് ഹാളിലെ തറയില്‍ ഉറപ്പിച്ച ഇരുപ്പ് യോഗം തീരുന്നതുവരെ തുടർന്നു. ഭരണപക്ഷത്തെ സ്വതന്ത്ര അംഗങ്ങളായ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.വി. മാര്‍ട്ടിന്‍ എന്നിവര്‍ നഗരസഭ യോഗം നടന്നപ്പോള്‍ നഗരസഭയിലെ സ്വന്തം ചേംബറില്‍ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധം മൂലം ഹാളിലേക്ക് വന്നില്ല. തങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഭരണപക്ഷം സുപ്രധാന തീരുമാനങ്ങളെടുത്തതാണ് ഇരുവരുടെയും പ്രതിഷേധത്തിന് കാരണം. യു.ഡി.എഫും എല്‍.ഡി.എഫും ഏതാണ്ട് തുല്യനിലയില്‍ നില്‍ക്കുന്ന നഗരസഭയില്‍ ഈ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരിക്കുന്നത്. അതേസമയം ഇവരുടെ അസാന്നിധ്യത്തിലും 16 അജണ്ടകളും അംഗീകരിക്കപ്പെട്ടു. നഗരസഭയിലെ സ്‌കൂളുകളില്‍ ഉടന്‍ കായിക അധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളായ ആലീസ് ഷിബു, കെ.വി.പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതായി പ്രതിപക്ഷത്തെ വി.ഒ. പൈലപ്പന്‍ പരാതിപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ചും നഗരത്തിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലിയും ചൂടുപിടിച്ച ചര്‍ച്ച നടന്നു. പി.എം. ശ്രീധരന്‍, ഷിബുവാലപ്പന്‍, കെ.എം. ഹരിനാരായണന്‍, ബിജു ചിറയത്ത്, ജിജന്‍ മത്തായി, വി.ജെ. ജോജി, ജിയോ കിഴക്കുംതല, ശശി കോട്ടായി, വി.സി. ഗണേശന്‍, വര്‍ഗീസ് മാറോക്കി, എം.പി. ഭാസ്‌കരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.