ദീപ നിശാന്തിനെതിരെ സംഘ്പരിവാര്‍ ഭീഷണി; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

തൃശൂര്‍: ശ്രീ കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആക്ഷേപവും വധഭീഷണിയുമായി സംഘ്പരിവാര്‍. രമേശ്കുമാര്‍ നായര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തക​െൻറ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും രേഖാമൂലം പരാതി നല്‍കിയതായി ദീപ പറഞ്ഞു. ഭീഷണി മുഴക്കിയവരുടെ ഫേസ്ബുക്ക് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. അവളുടെ രക്തംകൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ചെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 'ഞങ്ങള്‍ അതിനായി ശ്രമിക്കുകയാണ്' എന്നായിരുന്നു ഇതിന് ബി.ജെ.പി നേതാവായ ബിജു നായരുടെ മറുപടി കമൻറ്. ബി.ജെ.പി കേരളം ഐ.ടി സെല്‍ തലവനും സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറ അടുത്ത അനുയായിയുമാണ് ബിജു. കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ദീപക് ശങ്കരനാരായണ​െൻറ ഫേസ്ബുക്ക് പോസ്റ്റിനെ ദീപ നിശാന്ത് അനുകൂലിച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാവ് ടി.ജി. മോഹന്‍ദാസ് ദീപക്കി​െൻറയും ദീപയുടെയും വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തി എല്ലാ പ്രവര്‍ത്തകരും ഇവര്‍ക്കെതിരെ രംഗത്ത് വരണമെന്ന് ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. പിന്നാലെയാണ് രമേശി​െൻറയും ബിജുവി​െൻറയും ഭീഷണി. ദീപക്കെതിരായ കൊലവിളിയുടെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ വിശദീകരണ പോസ്റ്റുമായി ബിജു രംഗത്തെത്തി. വിഷയത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് കമൻറ് പ്രചരിക്കുന്നതെന്നും ദീപക്കി​െൻറ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിമാറ്റി എന്നുമാണ് വാദിച്ചത്. അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുമെന്നാണ് 'ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും' എന്ന് പറഞ്ഞതില്‍നിന്ന് ഉദ്ദേശിച്ചതെന്നും കുറിപ്പിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.