സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

തൃശൂർ: മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അയ്യന്തോൾ സ്വദേശി എ.ഡി. ജയൻ നൽകിയ പരാതിയിലാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. 'പുലർച്ചെയുള്ള ബാങ്ക് വിളി അവിശ്വാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത് നിർത്തലാക്കുന്നതിനെക്കുറിച്ച് മുസ്ലിം സമുദായം ചിന്തിക്കണം -പിണറായി' എന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതമാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അശ്ലീല പദങ്ങളും ഉപയോഗിച്ചിരുന്നു. മത സൗഹാർദം തകർത്ത് ആക്രമണം അഴിച്ച് വിടാനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുമുള്ള ഇത്തരം അപവാദ പ്രചാരണങ്ങൾ ഇല്ലായ്മ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഉൾപ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ആവശ്യമായ തെളിവുകളും പൊലീസ് സൈബർ സെല്ലിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.