തൃശൂർ കോൺഗ്രസ് ഇങ്ങെടുത്തു

തൃശൂർ: കഴിഞ്ഞ തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ നിരാശജനകമായ പ്രകടനം മറികടന്ന് തൃശൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി കോൺഗ്രസും യു.ഡി.എഫും. സംസ്ഥാനത്തുടനീളം ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരത്തിലും പിടിച്ചുനിന്ന് സി.പി.എമ്മും എൽ.ഡി.എഫും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപി ഇഫക്ടിന്റെ പ്രയോജനം ലഭിക്കാതെ ബി.ജെ.പി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ആഹ്ലാദിക്കാൻ വകയുള്ളപ്പോൾ സി.പി.എമ്മും ബി.ജെ.പിയും പ്രതിരോധത്തിലായി.

യു.ഡി.എഫ് പത്തു വർഷത്തിനുശേഷം തൃശൂർ കോർപറേഷനിൽ ഭരണം പിടിച്ചു. 2020ൽ ഭരണമുണ്ടായിരുന്നത് 16 പഞ്ചായത്തുകളിലായിരുന്നെങ്കിൽ ഇത്തവണ 34ലേക്ക് എത്തിക്കാൻ സാധിച്ചു. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും അധികമായി നേടി. നിലവിൽ ഭരണമുണ്ടായിരുന്ന ചാലക്കുടി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികൾ നിലനിർത്തിയപ്പോൾ മറ്റു അഞ്ച് മുനിസിപ്പാലിറ്റികളിൽ സീറ്റ് വർധിപ്പിക്കാനായതും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. ജില്ല പഞ്ചായത്തിൽ സീറ്റ് അഞ്ചിൽനിന്ന് ഒമ്പത് ആക്കാനായി.

പിടിച്ചുനിൽക്കാനായ ആശ്വാസത്തിലാണ് എൽ.ഡി.എഫും സി.പി.എമ്മും. ജില്ല പഞ്ചായത്ത് 30 ഡിവിഷനിൽ 21 എണ്ണം നേടുകയും കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിൽ ഭരണം നിലനിർത്തുകയും ചെയ്യാനായത് ആശ്വാസം പകരുന്നുണ്ട്. 16ൽ പത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണത്തിലെത്താനും സാധിച്ചു. തൃശൂർ കോർപറേഷനിലെയും ചാലക്കുടി മുനിസിപ്പാലിറ്റിയിലെയും വൻ പരാജയം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. 25ഓളം പഞ്ചായത്തുകളിലും ഭരണം നഷ്ടമായി.

ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തൃശൂർ കോർപറേഷനിൽ കഴിഞ്ഞ വർഷത്തെ ആറ് സീറ്റ് എട്ടാക്കാൻ സാധിച്ചപ്പോൾ കൊടുങ്ങല്ലൂരിൽ 21ൽ നിന്ന് 18ലേക്ക് കുറഞ്ഞു. കുന്നംകുളം അടക്കം മുനിസിപ്പാലിറ്റികളിലും സീറ്റ് നഷ്ടമായി. തിരുവില്വാമല പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിക്ക് സാധിച്ചു. 

Tags:    
News Summary - local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.