ചാലക്കുടി നഗരസഭ യോഗം

ചാലക്കുടി: താലൂക്ക് ആശുപത്രി മാലിന്യം മൂലം കിണറുകൾ മലിനമായവർക്ക് ലോറികളിൽ കുടിവെള്ളം എത്തിക്കാമെന്ന് ഭരണപക്ഷം. നടപടിയിൽ അതൃപ്തരായ പ്രതിപക്ഷാംഗങ്ങൾ നഗരസഭ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഈ വിഷയത്തിൽ അടിയന്തര യോഗം ചേരാനിരിക്കെയാണ് ശനിയാഴ്ചത്തെ യോഗത്തില്‍ അജണ്ടകള്‍ അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷം വിഷയം ഉന്നയിച്ച് ഇറങ്ങിപ്പോയത്. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് കിണര്‍ മലിനമയമായ സംഭവത്തില്‍ എട്ട് വീട്ടുകാര്‍ക്ക് ഉടന്‍ സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കണമെന്നാണ് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടത്. താലൂക്ക് ആശുപത്രിയിലെ മാലിന്യം മൂലമാണ് കിണർ മലിനമയമായതെന്ന കാര്യത്തില്‍ പരിശോധന കഴിഞ്ഞ് തീരുമാനമാവുന്നതുവരെ വെള്ളം വിതരണം ചെയ്യാമെന്ന് ഭരണപക്ഷം സമ്മതിച്ചു. വിവരം അറിഞ്ഞ ഉടൻ നഗരസഭ ഭരണനേതൃത്വം സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. പിറ്റേ ദിവസം ബി.ഡി. ദേവസി എം.എല്‍.എയുടെ നേതൃത്വത്തില്‍ പരാതിക്കാരായ വീട്ടുകാരെ വിളിച്ച് കൂട്ടി അടിയന്തര യോഗം ചേരുകയും കിണറുകളിലെ ജലം പരിശോധിക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. അടിയന്തര പരിഹാരമായി രണ്ട് പൊതുടാപ്പുകള്‍ 24 മണിക്കൂറിനുള്ളില്‍ പരാതിക്കാരായ വീട്ടുകാര്‍ക്കായി സ്ഥാപിക്കുകയും ചെയ്തു. ഇതിനിെട കിണറ്റിൽ ഇകോളി ബാക്ടീരിയ അളവില്‍ കൂടുതലുണ്ടെന്നും മാലിന്യമുണ്ടെന്നും വ്യക്തമാക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനഫലം പുറത്തുവന്നു. ഇതോടെയാണ് പ്രതിപക്ഷം ഈ വിഷയം നഗരസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗത്തിന് നോട്ടീസ് നല്‍കി. നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ചാലക്കുടി താലൂക്ക് ആശുപത്രിയെക്കുറിച്ച് ഇതാദ്യമായാണ് ആക്ഷേപം ഉയരുന്നത്. പെട്ടെന്ന് ഒരു ദിവസം സമീപത്തെ കിണറുകള്‍ മലിനമയമായതെങ്ങനെയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ കിണറുകളിലാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്. അതേസമയം താലൂക്ക് ആശുപത്രിയുടെ കിഴക്കുഭാഗത്തെ വാര്‍ഡിനോട് ചേർന്ന കിണറ്റില്‍ മാലിന്യം കണ്ടെത്തിയിട്ടുമില്ല. മലക്കപ്പാറ മുതലുള്ള ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമാണ് താലൂക്ക് ആശുപത്രി. രണ്ടു ദിവസത്തിനുള്ളില്‍ ജില്ല മെഡിക്കൽ ഓഫിസർ സ്ഥലത്തെത്തി അന്തിമ തീരുമാനമെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.