ആരോഗ്യപ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുത് -മന്ത്രി കെ.കെ. ശൈലജ മുളങ്കുന്നത്തുകാവ്: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശാസ്ത്രബോധമുള്ളവരും മനുഷ്യസ്‌നേഹികളും സഹിഷ്ണുതയുള്ളവരുമായി മാറാന്‍ ശ്രമിക്കണമെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാവരുതെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സര്‍വകലാശാലയുടെ ബാലാരിഷ്ടതകള്‍ അവസാനിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങിയതായി അവര്‍ പറഞ്ഞു. ആതുരാലയങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നവരുടെയും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് നിലപാട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ൈകയേറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ പൊതുജനങ്ങളോടുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമീപനം സ്‌നേഹപൂര്‍ണവും സാന്ത്വനപൂര്‍ണവും ആവണം. ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആശംസ പ്രസംഗത്തിൽ സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള പരിപാവനമായ ബന്ധത്തെ സാങ്കേതിക ഉപകരണങ്ങള്‍ക്ക് അടിയറ വെക്കരുത് -ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അലുംമ്നി ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലക്ക് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ 9105 വിദ്യാർഥികള്‍ക്ക് ബിരുദം നല്‍കി. മെഡിസിന്‍ 1283, െഡൻറല്‍ 727, ആയുര്‍വേദം 351, ഹോമിയോ 96, സിദ്ധ 14, നഴ്‌സിങ് 5206, ഫാര്‍മസി സയന്‍സ് 907, അലൈഡ് ഹെല്‍ത്ത് സയന്‍സ് 521 എന്നിങ്ങനെയാണ് ബിരുദം ഏറ്റുവാങ്ങിയവരുടെ നിര. എം.ബി.ബി.എസ് പരീക്ഷയില്‍ മൈക്രോ ബയോളജിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പി.എല്‍. അപർണ, മിഥുന്‍ അനില്‍കുമാര്‍ എന്നിവര്‍ ഡോ. സി.കെ. ജയറാം പണിക്കര്‍ എന്‍ഡോവ്മെൻറ് അവാര്‍ഡ് നേടി. റാങ്ക് ജേതാക്കളായ അശ്വതി സുബ്രഹ്മണ്യന്‍, ജെ.എസ്. ശ്രുതി, കെ.ടി. നയന, എം.പി. മുഫീദ, തസ്‌നി ജോസഫ്, ആര്‍.എസ്. രാജലക്ഷ്മി എന്നിവര്‍ക്കും മന്ത്രി കെ.കെ. ശൈലജ പുരസ്‌കാരങ്ങള്‍ നല്‍കി. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, രജിസ്ട്രാര്‍ ഡോ. എം.കെ. മംഗളം, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.കെ. സുധീര്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ്, സര്‍വകലാശാല ഡീന്‍മാര്‍, സെനറ്റംഗങ്ങള്‍, ഗവേണിങ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, അംഗങ്ങള്‍, വിദ്യാർഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.