പ്രൗഢിയിൽ പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട്

തൃശൂർ: ചമയപ്രഭ നിറച്ച് ചുവന്ന പട്ടുകുട ചൂടി 14 ആനകൾ എഴുന്നള്ളി നിന്നു. പാണികൊട്ടി പുറത്തിറങ്ങിയ മേളം ചെമ്പട കൊട്ടി പാരമ്യത്തിലേക്ക് കടന്നു. പൂരപ്രേമികളുടെ ആവേശപ്പെരുക്കത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജൻ ഗുരുവായൂർ നന്ദൻ പുറത്തേക്ക് എഴുന്നള്ളി. പ്രൗഢിയോടെയാണ് പാറമേക്കാവ് ഭഗവതി പൂരം എഴുന്നള്ളിപ്പിലേക്ക് എത്തിയത്. ഉച്ചക്ക് പന്ത്രണ്ടോടെ ക്ഷേത്രത്തിൽ പാണ്ടി കൊട്ടിത്തുടങ്ങി. കൃത്യം 12.30ന് ക്ഷേത്രഗോപുരത്തിനുമുന്നില്‍ പട്ടുകുട ചൂടി എഴുന്നള്ളി നിന്ന 14 ആനകളുടെ മധ്യത്തിലേക്ക് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദൻ ക്ഷേത്രഗോപുരം കടന്നെഴുന്നള്ളി. ക്ഷേത്രഗോപുരത്തിനുപുറത്ത് നേരത്തേ തിങ്ങിനിറഞ്ഞ ജനസഞ്ചയം ആര്‍പ്പുവിളികളോടെയും പുഷ്പവൃഷ്്ടിയോടെയുമാണ് പാറമേക്കാവിലമ്മയെ പൂരത്തിന് യാത്രയാക്കാനെത്തിയത്. പെരുവനത്തിനൊപ്പം മുന്നൂറോളം കലാകാരന്മാരും നിരന്നതോടെ ചെമ്പടമേളം കൊട്ടിക്കയറി. ചെമ്പട കലാശിച്ച് പാണ്ടിയുടെ പെരുക്കം തുടങ്ങിയതോടെ മേളപ്പൂരത്തി​െൻറ നിർവൃതിയിലേക്ക് പൂരം ആസ്വാദകരെത്തി. പാണ്ടിയുടെ ഒരു കലാശവും കൂട്ടപ്പെരുക്കവും പൂർത്തിയാക്കിയാണ് ഇലഞ്ഞി ചുവട്ടിലേക്കുള്ള എഴുന്നള്ളിപ്പ് പ്രയാണം തുടങ്ങിയത്. പൂരം പ്രദർശന നഗരിക്ക് മുന്നിലൂടെ കിഴക്കേഗോപുരം കടന്ന് പാറമേക്കാവ് ഭഗവതി പടിഞ്ഞാറെ നടയില്‍ ഇലഞ്ഞിച്ചുവട്ടിൽ എത്തിയപ്പോഴേക്കും അവിടം ജനസാഗരം അലയടി തീര്‍ത്തിരുന്നു. വന്‍തിരക്കാണ് പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് കാണാനുണ്ടായിരുന്നത്. വിദേശികളടക്കം നിരവധിപേര്‍ പ്രൗഢ ഗാംഭീര്യമാര്‍ന്ന പൂരം പുറപ്പാടിന് സാക്ഷ്യം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.