തൃശൂർ: അച്ഛൻ കുറ്റൂർ രാധാകൃഷ്ണൻ 'വക' കൊട്ടാൻ കണ്ണുകൾകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ 15കാരനായ സഞ്ജയ് മടിച്ചു. മുതിർന്നവർക്കൊപ്പം നിൽക്കുേമ്പാൾ അതുവേണോ എന്നായിരുന്നു അവെൻറ മടി. പക്ഷെ, രാധാകൃഷ്ണൻ വീണ്ടും ആംഗ്യം കാണിച്ചു. തന്നെയുമല്ല, അദ്ദേഹം മകെൻറ അടുത്തെത്തി 'വക' കൊട്ടിയശേഷം മകന് അവസരം കൊടുത്തു. അച്ഛൻ കൂടെയുണ്ട്, ധൈര്യമായി കൊട്ടിക്കോളൂ എന്ന് ആംഗ്യഭാഷയിൽ പറയുകയും ചെയ്തു. അതോടെ സഞ്ജയ് പെരുക്കി. മുതിർന്നവർ ചെറു ചിരിയോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവിലെ നടപ്പാണ്ടിയിലാണ് കൗതുകക്കാഴ്ച്ച അരങ്ങേറിയത്. നടപ്പാണ്ടിയിൽ പെരുക്കി കൊട്ടുന്നതിനെയാണ് മേളക്കാർ 'വക' കൊട്ടുക. മേളക്കാർ മനോധർമമനുസരിച്ച് കൊട്ടിനീങ്ങുന്നതാണ് നടപ്പാണ്ടിയെ ആകർഷകമാക്കുന്നത്. കൂടെ കൊട്ടിയെങ്കിലും മുതിർന്നവരെ പിന്തുടർന്ന് സഞ്ജയ് 'വക' കൊട്ടാതിരുന്നപ്പോഴാണ് പ്രോത്സാഹനവുമായി രാധാകൃഷ്ണൻ എത്തിയത്. ഇത് മൂന്നാം കൊല്ലമാണ് സഞ്ജയ് അച്ഛനൊപ്പം നടപ്പാണ്ടിയിൽ അണിനിരന്നത്. അയ്യന്തോൾ അമൃത വിദ്യാലയ വിദ്യാർഥിയായ സഞ്ജയ് പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ 25 കൊല്ലമായി തിരുവമ്പാടി നടപ്പാണ്ടി സംഘത്തിലുള്ള കുറ്റൂർ രാധാകൃഷ്ണൻ തന്നെയാണ് മകെൻറ ഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.