കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി ഇൻറർസോൺ: ഇൗ അമ്മക്ക്​ നൽകാം കലയുടെ കിരീടം...

ഗുരുവായൂർ: 'സമ്മാനമല്ല ലക്ഷ്യം, കിട്ടുന്ന വേദിയിലെല്ലാം മക്കളെ പങ്കെടുപ്പിക്കണം...' കോഴിക്കോട് പേരാമ്പ്ര പാണക്കാട്ട് താഴയിൽ ജയശ്രീയുടെ വാക്കുകൾക്ക് നിശ്ചയദാർഢ്യത്തി​െൻറ തിളക്കമുണ്ട്. ഏഴ് വർഷം മുമ്പ് ഭർത്താവി​െൻറ അപ്രതീക്ഷിത വിയോഗം ജീവിതവഴിയിൽ ഇരുൾ വീഴ്ത്തിയപ്പോൾ പകച്ചുപോയെങ്കിലും മക്കളെ ഉന്നതിയിലെത്തിക്കാൻ പ്രയത്നിക്കുകയാണ് ഇൗ അമ്മ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻറർസോൺ കലോത്സവത്തിൽ മൊകേരി ഗവ. കോളജിനെ പ്രതിനിധീകരിച്ചെത്തിയ മകൻ പി.ടി. സന്ദീപ് കേരളനടനം, ഓട്ടന്തുള്ളൽ, നാടോടിനൃത്തം എന്നിവയിലാണ് അരങ്ങിലെത്തിയത്. നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അമ്മക്കും മകനും തെല്ലും ദുഃഖമില്ല. ബി സോൺ കലോത്സവത്തിൽ ഒന്നാമനായി ഇവിടെ വരെയെത്തിയ സന്തോഷമായിരുന്നു അമ്മയുടെയും മക​െൻറയും മുഖത്ത്. കെ.എസ്.ആർ.ടി.സി പേരാമ്പ്ര ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഭർത്താവ് സത്യൻ 2011ലാണ് അപകടത്തിൽ മരിച്ചത്. ഡിപ്പോയിൽനിന്ന് ചില്ലറ വാങ്ങി വരവെ ബസ് ഇടിച്ചിടുകയായിരുന്നു. ഭരതനാട്യത്തിൽ ബിരുദധാരിയായ ജയശ്രീ അന്ന് സ്വകാര്യ സ്കൂളിൽ നൃത്താധ്യാപികയായിരുന്നു. അപ്രതീക്ഷിത ആഘാതത്തിൽനിന്ന് പതിയെ കരകയറിയ ജയശ്രീ മക്കളുടെ നൃത്താഭിരുചി വളർത്തിയെടുക്കാനാണ് പിന്നീട് ശ്രമിച്ചത്. നാട്ടുകാരുടെയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സഹായത്തോടെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സന്ദീപ് പങ്കെടുത്തത്. എവിടെ വേദി കിട്ടിയാലും നൃത്തം അവതരിപ്പിക്കാൻ മക്കളോടൊപ്പം താങ്ങും തണലുമായി ജയശ്രീയുണ്ടാവും. അഞ്ചാം ക്ലാസുകാരിയായ മകൾ ഗായത്രി സത്യനെയും നൃത്തവും പാട്ടും പരിശീലിപ്പിക്കുന്നുണ്ട്. ഭരതാജ്ഞലി മധുസൂദനനാണ് അമ്മയുടെയും മക്കളുടെയും ഗുരു. ഇപ്പോൾ വെള്ളിമാടുകുന്ന് അഭയ ചിൽഡ്രൻസ് ഹോമിലെ നൃത്താധ്യാപികയാണ് ജയശ്രീ. സമ്മാനത്തിനു പിന്നാലെ പോകാതെ കലയെ സ്നേഹിക്കുന്ന, മക്കളുടെ സഫലീകരണത്തിനായി ജീവിക്കുന്ന ഇൗ അമ്മക്ക് നൽകാം ഒരു കലാകിരീടം. മാപ്പിളപ്പാട്ടി​െൻറ ഹൂറിയായി അർച്ചന ഗുരുവായൂർ: രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അർച്ചനക്ക് മാപ്പിളപ്പാട്ടിനോട് വല്ലാത്തൊരു മുഹബ്ബത്തുണ്ടായത്. അന്നുതന്നെ അധ്യാപകരായ മാതാപിതാക്കൾ ഗുരുവിനെ കണ്ടെത്തി പാട്ട് പഠിപ്പിച്ചു തുടങ്ങി. ഫലമോ സ്കൂൾ കലോത്സവം മുതൽ അർച്ചനയുടെ മാപ്പിളപ്പാട്ടിന് ആസ്വാദകരുടെ എണ്ണം കൂടി. ആ ഇശൽ താളം മീഡിയവൺ ചാനലി​െൻറ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ സെമിഫൈനൽ വരെ അർച്ചനയെ എത്തിച്ചു. ഇൻറർസോൺ കലോത്സവത്തിലെ മാപ്പിളപ്പാട്ടി​െൻറ ഹൂറിയായും പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ രണ്ടാം വർഷ ഗണിത ബിരുദ വിദ്യാർഥിയായ ടി. അർച്ചന മാറി. ബദറുദ്ദീൻ പാറന്നൂർ രചിച്ച് ഷിഹാബ് അരീക്കോട് സംഗീതം നൽകിയ 'മൊളിയും നൽ ഖദറാബി, ഇകൽത്തളം അഹ്സാബോർ, എളിതരം സുകൃതരിലേറെ...' എന്നു തുടങ്ങുന്ന വരികളാണ് കലോത്സവത്തിൽ ആലപിച്ച് ഒന്നാമതെത്തിയത്. സംഗീത സംവിധായകൻ തന്നെയാണ് പരിശീലകൻ. റിട്ട. അധ്യാപകൻ പി. രാമദാസും അധ്യാപികയായ ടി. പ്രീതയുമാണ് മാതാപിതാക്കൾ. 'സന്യാസി അച്ചൻ' നടൻ, 'കുഞ്ഞാട്' നടിയും ഗുരുവായൂർ: മോഹന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന വർത്തമാനകാല സാഹചര്യമാണ് മലയാളം നാടകവേദിയെ സജീവമാക്കിയത്. മോദിയുടെ കപടനാട്യം അരങ്ങിലെത്തിച്ച നാട്ടിക എസ്.എൻ കോളജി​െൻറ 'തുണി' നാടകം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ പച്ചയായി അവതരിപ്പിച്ചു. നാടകത്തിൽ സന്യാസി അച്ചനായി നിറഞ്ഞുനിന്ന കെ.എസ്. അനുലാൽ മികച്ച നടനായി. സമയക്രമം പാലിക്കാത്തതിനാൽ ആദ്യ സ്ഥാനങ്ങളിലെത്താൻ നാടകത്തിനായില്ല. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജി​െൻറ 'തൊട്ടപ്പൻ' ആണ് മികച്ച നാടകം. കേന്ദ്രകഥാപാത്രമായ തൊട്ടപ്പ​െൻറ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന കുഞ്ഞാടി​െൻറ വേഷം തകർത്തഭിനയിച്ച ഉണ്ണിമായ പുല്ലങ്കോട്ടില്ലം മികച്ച നടിയായി. മോണോ ആക്ട്, നാങ്ങ്യാർകൂത്ത്, കഥകളി എന്നിവയിൽ കഴിവുതെളിയിച്ച ഉണ്ണിമായ ഗണിതശാസ്ത്രം ആദ്യവർഷ വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.