കലാപ്രതിഭ പട്ടത്തിനായി ഇഞ്ചോടിഞ്ച്

ഗുരുവായൂർ: ഇൻറർസോൺ കലാപ്രതിഭ പട്ടത്തിനായി നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ വർഷത്തെ പ്രതിഭ കോഴിക്കോട് ഫാറൂഖ് കോളജിലെ കെ.സി. വിവേകിന് തുടക്കം മുതൽ കൊടകര സഹൃദയ കോളജിലെ ആൻറണി വർഗീസ് വെല്ലുവിളി ഉയർത്തി. ഇരുവരും പങ്കെടുത്ത മൂന്നിനങ്ങളിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടി. വിവേക് ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നിവയിലും ആൻറണി വർഗീസ് ഡ്രംസിലും ട്രിപ്പിൾ ഡ്രംസിലുമാണ് ഒന്നാം സ്ഥാനം നേടിയത്. അങ്ങനെ കലാപ്രതിഭ പട്ടം ഇരുവരും പങ്കിടുകയായിരുന്നു. തൃശൂർ വിമലയിലെ എം. ശ്രീലക്ഷ്മിയുടെ വെല്ലുവിളി മറികടന്നാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ രഞ്ജിത സി. ഗോപാൽ കലാതിലകമായത്. ഭരതനാട്യത്തിലെയും മോഹിനിയാട്ടത്തിലെയും ഒന്നാം സ്ഥാനവും ശാസ്ത്രീയ നൃത്തം, കേരളനടനം എന്നിവയിലെ രണ്ടാം സ്ഥാനവുമാണ് രഞ്ജിതയെ കിരീടം അണിയിച്ചത്. അറബി രചന മത്സരങ്ങളിലെ മികവാണ് വയനാട് ഡബ്ല്യൂ.എം.ഒ കോളജിലെ ടി. അബ്ദുസലാമിനെ സർഗപ്രതിഭയാക്കിയത്. കഥാരചന, കവിതാരചന, ഉപന്യാസം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. ചിത്രരചനയിലെ മിന്നുന്ന പ്രകടനം തൃശൂർ ശ്രീകേരള വർമ കോളജിലെ ഒ.എസ്. വിശാഖിനെ ചിത്രപ്രതിഭയാക്കി. പോസ്റ്റർ മേക്കിങ്, കാർട്ടൂൺ, ക്ലേ മോഡലിങ് എന്നിവയിലാണ് വിശാഖ് ഒന്നാമതെത്തിയത്. കൈയടിക്കാം; സംഘാടനത്തിന് തൃശൂർ: കുറ്റമറ്റ രീതിയിൽ കലോത്സവം പൂർത്തിയാക്കിയ സംഘാടനത്തിന് കൈയടിക്കാം. സമയക്രമം െതറ്റിയെന്നത് പോരായ്മയാണെങ്കിലും മികച്ച വിധിനിർണയവും പരാതിക്കിട നൽകാത്ത ഫലപ്രഖ്യാപനവും മാതൃകയായി. ശ്രീകൃഷ്ണ കോളജിലെ അധ്യാപകരും വിദ്യാർഥികളും രാപകൽ പ്രയത്നിച്ചതോടെ വർഷങ്ങൾക്ക് ശേഷമെത്തിയ കലോത്സവം ഗംഭീരമായി. പരീക്ഷക്കാലമായതിനാലും വിജയപ്രതീക്ഷ ഇല്ലാത്തതിനാലും ചില ഇനങ്ങളിൽ മത്സരാർഥികൾ കുറഞ്ഞു. ബാൻറ് മേളത്തിൽ ഒരുടീമും ആൺകുട്ടികളുടെ കഥകളിയിൽ ഒരാളുമാണ് പങ്കെടുത്തത്. ജനപ്രിയ ഇനങ്ങളിലൊഴിച്ചാൽ കാണികളുടെ പങ്കാളിത്തം കുറവായി. മത്സരാർഥികൾക്കും വളൻറിയർമാർക്കും ഉച്ചയൂണ് അടക്കം ഒരുക്കാനും സംഘാടകർക്കായി. ചരിത്രത്തിലാദ്യമായാണ് ഇൻറർ സോണിലെത്തിയ മുഴുവൻ പേർക്കും ഭക്ഷണം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.