ഡോക്ടർമാരുടെ സമരം: അത്യാഹിത വിഭാഗത്തിലും കാത്തിരിപ്പ്​

തൃശൂർ: ഗവ. ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം രോഗികളെ വലക്കുന്നു. വിഷുവിന് പിറ്റേന്ന് നൂറ് കണക്കിന് രോഗികളാണ് തൃശൂർ ജനറൽ ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാതെ മടങ്ങിയത്. സ്വകാര്യ ആശുപത്രികളിലെ ഫീസ് താങ്ങാനാവാത്ത സാധാരണക്കാരാണ് ഇവരിൽ ഏറെയും. അത്യാഹിത വിഭാഗത്തിലും ദന്തചികിത്സ വിഭാഗത്തിലും മാത്രമാണ് ഡോക്ടർമാരുടെ സേവനമുള്ളത്. ഏറെ നേരം കാത്തിരുന്നാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭിക്കുന്നത്. ദന്തചികിത്സ വിഭാഗത്തിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുന്നില്ല. മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാരും സമരത്തിനിറങ്ങിയതോടെ ആശുപത്രി പ്രവർത്തനം താളംതെറ്റി. ഇവരുമായി പ്രിൻസിപ്പലി​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാരുടെ സമരം. തിങ്കളാഴ്ച രണ്ട് മണിക്കൂറാണ് സമരം നടത്തിയതെങ്കിലും ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ഡോക്ടർമാരുടെ പ്രഖ്യാപനം. ഇതിനിടെ, ഡോക്ടർമാരുടെ സമരത്തിനെതിരെ പൗരാവകാശ ജനകീയ സംഘടന (പി.യു.സി.എൽ) ജനറൽ ആശുപത്രിക്ക് മുന്നിൽ സത്യഗ്രഹം നടത്തി. കെ. വേണു ഉദ്ഘാടനം ചെയ്തു. സംഘടിത വിഭാഗം അസംഘടിതര്‍ക്കുനേരെ നടത്തുന്ന കടന്നുകയറ്റമാണ് ഡോക്ടർമാരുടെ സമരമെന്ന് വേണു ആരോപിച്ചു. കാലങ്ങളായി ഐ.എം.എ തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ ഭാഗം തന്നെയാണിത്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഗുണകരമായ ചെറിയ മാറ്റങ്ങളെപോലും അട്ടിമറിക്കാനാണ് ശ്രമമെന്നും വേണു കുറ്റപ്പെടുത്തി. പി.യു.സി.എൽ പ്രസിഡൻറ് ടി.കെ. വാസു അധ്യക്ഷത വഹിച്ചു. പാർവതി പവനൻ, ബൽക്കീസ് ബാനു, കെ. ശിവരാമൻ, ടി.കെ. നവീനചന്ദ്രൻ, ഐ. ഗോപിനാഥ്, പൂനം റഹിം, സെക്രട്ടറി രാമചന്ദ്രൻ പേനകം, വിൻസ​െൻറ് ചിറയത്ത് എന്നിവർ സംസാരിച്ചു. ജയപ്രകാശ് ഒളരി, ശങ്കരനാരായണന്‍, രാമകൃഷ്ണന്‍, ഷാജു വാവക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.