പൂരം സ്ത്രീ സൗഹൃദമാകും; സുരക്ഷക്ക് കൂടുതൽ വനിത പൊലീസ്

തൃശൂർ: ഇത്തവണ തൃശൂർ പൂരം സ്ത്രീ സൗഹൃദമാകും. സ്ത്രീകളുടെ സുരക്ഷക്ക് കൂടുതൽ പരിഗണന നൽകാനും കൂടുതൽ വനിത പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തിൽ തീരുമാനം. ഭിന്നശേഷിക്കാർക്ക് പൂരം കാണാൻ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് കോർപറേഷനും ദേവസ്വങ്ങൾക്കും ലഭിച്ച അപേക്ഷയിൽ, സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി ഇക്കാര്യത്തിലെ നിസ്സഹായത കോർപറേഷനും പൊലീസും യോഗത്തിൽ വ്യക്തമാക്കി. പ്രത്യേക ഗാലറി സജ്ജമാക്കിയാലും ഇവിടേക്ക് പ്രവേശിപ്പിക്കാൻ തടസ്സങ്ങളുണ്ടെന്ന് അഭിപ്രായമുയർന്നതോടെ ആവശ്യം യോഗം നിരാകരിച്ചു. തേക്കിൻകാടിനുചുറ്റുമുള്ള എല്ലാ തെരുവുവിളക്കുകളും നെഹ്റുപാർക്കിലെ വെളിച്ചസംവിധാനങ്ങളും തെളിക്കുമെന്ന് ഉറപ്പാക്കും. എല്ലാ റോഡുകളും ടാറിങ് പൂർത്തിയാക്കും. പൊട്ടിപ്പൊളിഞ്ഞ കാനകൾ സ്ലാബിട്ട് മൂടും. നാലുകേന്ദ്രങ്ങളിൽ കോർപറേഷൻ രണ്ടുദിവസം സംഭാരവിതരണം നടത്തും. തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്തും. 50 പോർട്ടബിൾ ടോയ്ലറ്റുകൾ സ്ഥാപിക്കും. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ സുരക്ഷിതമായ പൂരം ആഘോഷിക്കാൻ സംവിധാനമൊരുക്കും. ഭക്ഷണ സ്ഥാപനങ്ങളിലെ ശുചിത്വസംവിധാനങ്ങളും നിരീക്ഷിക്കും. 3000 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടാവും. വിദേശികൾക്ക് പൂരം കാണാനുള്ള വി.ഐ.പി ഗാലറിയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കും. യോഗത്തിൽ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ബീന മുരളി, ജില്ല ആസൂത്രണ സമിതി അംഗം വർഗീസ് കണ്ടംകുളത്തി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എൽ. റോസി, ഷീബ ബാബു, എ.സി.പി പി. വാഹിദ്്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡൻറ് സതീഷ്മേനോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.