മലയോര ഹൈവേ: ഭൂമി ഉറപ്പായ ശേഷം സാമ്പത്തികാനുമതി; ആവശ്യമള്ളത്​ ആറു ഹെക്ടര്‍ സ്ഥലം

ചാലക്കുടി: സ്ഥലമുടമകള്‍ ഭൂമി നല്‍കുമെന്ന് ഉറപ്പായ ശേഷമേ നിര്‍ദിഷ്ട മലയോര ഹൈവേക്ക് സാമ്പത്തികാനുമതി ലഭിക്കൂ. നിലവിലുള്ള റോഡുകള്‍ ഇരുവശത്തും വീതികൂട്ടിയാണ് ചാലക്കുടി മേഖലയില്‍ മലയോരപാത (സംസ്ഥാനപാത -59) സാക്ഷാത്കരിക്കുക. ചാലക്കുടി നിയോജകമണ്ഡലത്തില്‍ കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോവുക. ഏകദേശം ആറു ഹെക്ടര്‍ സ്ഥലമാണ് ആവശ്യമായി വരുന്നത്. ഇത് ഉടമകള്‍ സൗജന്യമായി വിട്ടുകൊടുത്താല്‍ മാത്രമേ റോഡ് നിർമാണം ആരംഭിക്കാന്‍ കഴിയൂ. പദ്ധതി പ്രദേശം നേരത്തെ കിഫ്ബി സംഘം പരിശോധിച്ചിരുന്നു. പദ്ധതി നടപ്പാക്കാൻ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആദ്യ യോഗം ബി.ഡി. ദേവസി എം.എല്‍.എയുടെ അധ്യക്ഷതയിൽ ചാലക്കുടി ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. വെള്ളിക്കുളങ്ങര, കോര്‍മല, രണ്ടുകൈ, ചായ്പന്‍കുഴി, കോട്ടാമല, വെറ്റിലപ്പാറ 13 എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലൂടെ 18.35 കിലോ മീറ്ററിലാണ് പാത കടന്നുപോവുക. സില്‍വര്‍ സ്‌ട്രോം വാട്ടര്‍തീം പാര്‍ക്കിന് മുന്‍വശത്ത് വെറ്റിലപ്പാറ പാലത്തിലൂടെ പാത എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഇതില്‍ 2.324 പൊതുമരാമത്ത് വകുപ്പി​െൻറയും 16.025 കിലോ മീറ്റര്‍ ജില്ല പഞ്ചായത്തി​െൻറയും കീഴിലുള്ള റോഡാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയിലെ പൊതുമരാമത്ത് റോഡില്‍നിന്ന് ആരംഭിച്ച് ജില്ല പഞ്ചായത്ത് റോഡിലെത്തി വെറ്റിലപ്പാറയില്‍ വീണ്ടും പൊതുമരാമത്ത് റോഡിലെത്തുകയും ചെയ്യും. 1.35 കിലോമീറ്റര്‍ മാത്രമാണ് വനത്തിനുള്ളിലൂടെയുള്ളത്. ഇതിനായി വനംവകുപ്പി​െൻറ അനുമതി ലഭിക്കണം. നിലവിലുള്ള വഴിയിലൂടെ തന്നെയാണ് ഹൈവേ പോകുക. വീതി കൂട്ടലാണ് നടക്കുക. ഏഴ് മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ പോകുന്ന ഇരുവരിപ്പാതയടക്കം 12 മീറ്റര്‍ വീതിയിലാണ് റോഡ് നിർമിക്കുക. ബി.എം ആൻഡ് ബി.സി ടാറിങ് ചെയ്ത് നടപ്പാതയോടും അഴുക്കുചാലോടും കൂടിയാകും നിർമാണം. നിലവിലുള്ള ഹൈവേകളിലെ തിരക്ക് ഒഴിവാക്കി പൊതുഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നത്. പ്രധാന റോഡുകളുമായി ഇത് ബന്ധപ്പെടുന്നുണ്ടെന്നത് നേട്ടമാണ്. അതേസമയം, ഇപ്പോഴുള്ള റോഡിന് ഇരുവശത്തുനിന്നും ഭൂമി ലഭ്യമാക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. ഹൈവേക്ക് വേണ്ടി പരിശോധന നടന്നിരുന്നുവെങ്കിലും സര്‍വേ നമ്പര്‍ പ്രകാരമുള്ള അളക്കല്‍ നടന്നിട്ടില്ല. അളക്കല്‍ ആരംഭിക്കുമ്പോള്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഹൈവേ യാഥാര്‍ഥ്യമായാല്‍ മേഖലയിൽ വികസനം വരുമെന്നും ഭൂമി വില ഉയരുമെന്നുമുള്ള പ്രതീക്ഷയാണ് ഭൂവുടമകള്‍ക്ക് സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ പ്രചോദനമാകുക. ചിലയിടങ്ങളില്‍ മതിലുകള്‍ പൊളിക്കേണ്ടി വരും എന്നല്ലാതെ ആരാധനാലയങ്ങളും വീടുകളും പൊളിച്ചുമാറ്റേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യോഗത്തില്‍ കലക്ടര്‍ എ. കൗശിഗന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ തങ്കമ്മ വര്‍ഗീസ്, ഉഷ ശശിധരന്‍, ഡി.എഫ്.ഒമാരായ ആര്‍. കീര്‍ത്തി, എന്‍. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം സി.ജി. സിനി, േബ്ലാക്ക് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, ആനമല കൂട്ടുകൃഷി സംഘം പ്രസിഡൻറ് കെ.കെ. ഷെല്ലി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ബല്‍ദേവ്, പി.വി. ബിജി, വി.പി. സിേൻറാ, എ.കെ. നവീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.