തൃശൂര്‍: മില്ലുടമകളുടെയും സര്‍ക്കാറിെൻറയും വഞ്ചനയില്‍ പ്രതിഷേധിച്ച് അടുത്ത സീസണില്‍ നെല്‍കൃഷി ഇറക്കേണ്ടെന്ന് ജില്ലയിലെ കോള്‍കര്‍ഷകരുടെ തീരുമാനം. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് നെല്ല് സംഭരണത്തിലെ കുടിശ്ശികയും ഹാന്‍ഡലിങ് ചാർജുമുള്‍പ്പടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്ന മുറക്ക് തീരുമാനം പുനഃപരിശോധിക്കും. അല്ലെങ്കില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭവും മില്ലുടമകള്‍ക്കെതിരെ നിയമപോരാട്ടവും നടത്തും. തൃശൂരില്‍ ജില്ല കോള്‍കര്‍ഷകരുടെ പൊതുയോഗത്തിലാണ് തീരുമാനം. കോള്‍ കര്‍ഷകരുടെ ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കോള്‍ കര്‍ഷകര്‍ നേരിടുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് തിരിയുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ഉൽപാദന ക്ഷമത കുറവ്, വർധിച്ച ചെലവ്, പരിമിതമായ സംഭരണ വില, മില്ലുടമകളുടെ ചൂഷണം എന്നിവ കലക്ടറുടെ അധ്യക്ഷതയില്‍ രണ്ട് തവണ ചർച്ച ചെയ്തിരുന്നു. മില്ല് ഉടമ പ്രതിനിധികൾ, കര്‍ഷക പ്രതിനിധികള്‍, സപ്ലൈകോ മേധാവികള്‍ എന്നിവരുൾപ്പെട്ട ചർച്ച മില്ലുടമകളുടെ പിടിവാശിയിൽ പരാജയപ്പെട്ടു. ക്വിൻറലിന് 37 രൂപയും കയറ്റുന്നതിന് 12 രൂപയുമാണ് മില്ലുകാരും സപ്ലൈകോയും തമ്മിലുള്ള കരാറിലുള്ളത്. ഇതിൽ കർഷകർ ഇല്ല. എന്നാൽ മില്ലുകാർ ചെയ്യേണ്ട പണി കർഷകരുടെ മേൽ ചുമത്തി 12 രൂപ മാത്രമാണ് മില്ലുകാർ അനുവദിക്കുന്നത്. ഇപ്പോള്‍ നെല്ല് സംഭരണം നടക്കുന്നുണ്ടെങ്കിലും ഹാന്‍ഡ്‌ലിങ് ചാർജ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകിയ സാഹചര്യത്തിലാണ് ജില്ല കോള്‍ കര്‍ഷക സംഘം ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനമെടുത്തതെന്ന് ജില്ല കോൾ കർഷകസംഘം സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യനും പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദും പറഞ്ഞു. ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി കോള്‍മേഖലയില്‍ കൃഷിയിറക്കിയത്. കൃഷി വകുപ്പിെൻറ പിന്തുണയോടെ ആരംഭിച്ച ഇരുപൂ കൃഷിയടക്കം വന്‍ വിജയമായിരുന്നു. പുറത്തൂര്‍ പടവില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നടത്തിയ ഇരുപൂ കൃഷി വിജയകരമായിരുന്നു. ഈ വര്‍ഷം പുറത്തൂര്‍ പടവിനൊപ്പം, പള്ളിപ്പുറം- ആലപ്പാട് പാടശേഖര സമിതിയുടെ മേല്‍നോട്ടത്തിലുള്ള പുത്തന്‍കോള്‍, വാഴകോള്‍, തൊള്ളായിരം, ചാമ്പാംകോള്‍ മേഖലകളിലും ഇരുപൂ വിത്തിറക്കി. മണലൂര്‍താഴംപടവ്, അന്തിക്കാട് പടവ്, പുള്ള് പാടശേഖരം, വാരിയംപടവ്, ആലപ്പാട്ട് പടവ്, പള്ളിത്താഴം പടവ്, പഴുവില്‍ ജയന്തി പടവ്, ചേനംപടവ്, അടാട്ട്, കാരാഞ്ചിറ, കാട്ടൂര്‍ തുടങ്ങിയ പാടശേഖര സമിതികളും ഇരുപൂ കൃഷിയിറക്കാനും ആലോചന തുടങ്ങി. നേരത്തെ ഈ പാടങ്ങളില്‍ ഇരുപൂ കൃഷിയിറക്കിയിരുന്നു. ജലദൗര്‍ലഭ്യവും തൊഴിലാളി ക്ഷാമവും കാരണമാണ് ഇത് ഒഴിവാക്കിയിരുന്നത്. വെള്ളം ലഭ്യമാവുമെങ്കില്‍ കൃഷിയിറക്കാന്‍ സജ്ജമെന്നാണ് കര്‍ഷകരുടെ നിലപാട്. കുണ്ടോളിക്കടവിലെ നാല്പടവ് പാടം ഇരുപൂ കൃഷിയിറക്കി വിളവിനോടടുക്കുകയാണ്. സര്‍ക്കാറും മില്ലുടമകളും മത്സരിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ നെല്‍കൃഷി തന്നെ ആശങ്കയിലാവുകയാണ്. ഇതര സംസ്ഥാനങ്ങളിലാവട്ടെ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വിളവാണ് ഇക്കുറിയുണ്ടായത്. സംസ്ഥാനത്തിന് നല്ലൊരു ശതമാനം നെല്ലുൽപാദിപ്പിച്ച് നല്‍കുന്ന കോള്‍ മേഖല നിശ്ചലമാകുന്നത് കനത്ത നഷ്ടമുണ്ടാക്കും. യോഗത്തിൽ പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡൻറുമാരായ കെ.കെ. രാജേന്ദ്രബാബു, എൻ.എം. ബാലകൃഷ്ണൻ, സെക്രട്ടറിമാരായ കെ.എ. ജോർജ്ജ്, പറപ്പൂർ സൊസൈറ്റി പ്രസിഡൻറ് മാധവൻ നമ്പൂതിരി, അന്തിക്കാട് സെക്രട്ടറി സുഗുണൻ, മണലൂർ താഴം പ്രസിഡൻറ് എം.ആർ. മോഹനൻ, ആലപ്പാട് സൊസൈറ്റി പ്രസിഡൻറ് കെ.വി. ഹരിലാൽ, കെ.കെ. സുബ്രഹ്മണ്യൻ, മുരിയാട് തെക്കേപാടം സെക്രട്ടറി നിഷ, ഉണ്ണികൃഷ്ണൻ, കെ.ജി. കൊളേങ്ങാട്ട് ഗോപിനാഥ്, സി.എസ്. ആയൂബ്, എ.ജി. ജ്യോതിബാസു, പ്രദീപ് തയ്യിൽ, പി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.