റിസോഴ്സ് അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി നല്‍കിയില്ലെന്ന്; വിദ്യാഭ്യാസ മന്ത്രിക്ക്​ പരാതി നല്‍കി

ആമ്പല്ലൂര്‍-: ജില്ലയിലെ ബി.ആര്‍.സികളില്‍ ജോലി ചെയ്യുന്ന റിസോഴ്സ് അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി നല്‍കിയില്ലെന്ന് പരാതി. ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ ജോലി ചെയ്യുന്ന റിസോഴ്‌സ് അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പരാതി നല്‍കി. 2010ല്‍ സർവശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ മൂന്നുമാസം ശമ്പളത്തോടുകൂടി പ്രസവാവധി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷമായി ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്നാണ് പരാതി. 2010 ലെ ഉത്തരവ് പ്രകാരം ഏഴ് വര്‍ഷം തുടര്‍ച്ചയായി ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി അനുവദിച്ചിരുന്നു. എന്നാല്‍ 2017 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ആനുകൂല്യം നല്‍കാതെ സർവശിക്ഷ അഭിയാന്‍ ഇരട്ടത്താപ്പ് നടത്തുന്നതെന്നാണ് അധ്യാപകരുടെ ആരോപണം. നിലവിലുള്ള ചട്ടപ്രകാരം 90 ദിവസം വരെ ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ എസ്.എസ്.എയില്‍ ജോലിയില്‍ പ്രവേശിച്ച് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സര്‍വിസ് പൂര്‍ത്തീകരിച്ചവര്‍ക്കും ലീവ് അനുവദിക്കാന്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്. ആറ് വര്‍ഷത്തിലേറെ എസ്.എസ്.എയില്‍ സേവനം ചെയ്ത അധ്യാപകര്‍ക്കുപോലും ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി അനുവദിക്കുന്നില്ലത്രേ. ചില ജില്ലകളിലെ നിലവിലുള്ള ഉത്തരവ് പ്രകാരം ശമ്പളം നല്‍കിയതായും അധ്യാപകര്‍ പറയുന്നു. 2010 ലെ ഉത്തരവ് അനുസരിച്ച് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എസ്.എസ്.എ ജില്ല അധികൃതര്‍. ഇതിനിടെ മാര്‍ച്ച് 31ന് കരാര്‍ കലാവധി കഴിഞ്ഞ അധ്യാപകര്‍ ശമ്പളം ലഭിക്കാതെ ആശങ്കയിലാണ്. വീടിന് തീപിടിച്ചു; ഉപകരണങ്ങള്‍ കത്തിനശിച്ചു ആമ്പല്ലൂര്‍: -തൃക്കൂര്‍ കള്ളായിയില്‍ ഓടിട്ട വീടിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തിനശിച്ചു. കള്ളായി കണ്ണംപടത്തി മേരിയുടെ വീട്ടിൽ വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. മേല്‍ക്കൂരയില്‍നിന്ന് തീ പടര്‍ന്ന് ഹാളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും കട്ടിലും വസ്ത്രങ്ങളും കത്തിനശിച്ചു. തീ പടരുന്നതുകണ്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പുതുക്കാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.