മലയോര കർഷക പട്ടയത്തിന് കേന്ദ്ര വനംമന്ത്രാലയത്തിൽ അപേക്ഷകളില്ല

തൃശൂർ: മലയോര കർഷകരുടെ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷകളോ, രേഖകളോ ഇല്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ഡി.സി.സി വൈസ് പ്രസിഡൻറും മലയോര കർഷക പട്ടയ ഉപസമിതി ചെയർമാനുമായ ജോസഫ് ടാജറ്റിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് മന്ത്രാലയത്തി​െൻറ സ്ഥിരീകരണം. മലയോര മേഖലയിലെ പട്ടയം അനുവദിക്കുന്നതിന് ജോയൻറ് വെരിഫിക്കേഷൻ റിപ്പോർട്ട് കേന്ദ്ര വനംമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും പട്ടയം അനുവദിക്കുന്നത് സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സമെന്നും കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ പട്ടയം നൽകാനാവൂ എന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തൃശൂരിൽ പട്ടയമേളക്ക് എത്തിയപ്പോൾ അറിയിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു ജോസഫ് ടാജറ്റ് കേന്ദ്രത്തെ സമീപിച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപേക്ഷകളോ, നിർദേശങ്ങളോ പട്ടയം നൽകുന്നതിനുള്ള അനുമതിക്കാ‍യി സംസ്ഥാന സർക്കാറിൽ നിന്നോ, വനംവകുപ്പിൽ നിന്നോ ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു ചോദിച്ചത്. അത്തരത്തിലുള്ള ഒരു വിവരങ്ങളും വനംമന്ത്രാലയത്തിൽ ലഭ്യമല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. പട്ടയമേളയിൽ മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും നിജസ്ഥിതി മലയോര കർഷകരെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്തണം. ജനപ്രതിനിധികളുടെയും സർവകക്ഷികളുടേയും യോഗം വിളിച്ചു ചേർക്കണമെന്നും ടാജറ്റ് ആവശ്യപ്പെട്ടു. ജില്ലയിൽ വിവിധ താലൂക്കുകളിലായി 12,582 വനഭൂമി അപേക്ഷകളിൽ 4582 അപേക്ഷകളിൽ സംയുക്ത പരിശോധന കഴിഞ്ഞ് ജെ.വി.ആർ ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നും, 2003 വരെ ലഭിച്ച അപേക്ഷകളിൽ കേന്ദ്രാനുമതി ലഭിക്കുന്നതിന് അയച്ചിട്ടുണ്ടെന്നുമായിരുന്നു റവന്യു വകുപ്പ് നൽകിയിരുന്ന മറുപടി. ഇതിന് ഘടക വിരുദ്ധമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടി. 1980ലെ ഫോറസ്റ്റ് കൺസർവേഷൻ ഓർഡിനൻസ് ആണ് മലയോര പട്ടയം അനുവദിക്കുന്നതിലെ തടസ്സമത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.