വിദ്യാഭ്യാസ വായ്പ: ബാങ്കുകൾ പലിശ നിരക്കി​െൻറ ഇരട്ടി വാങ്ങുന്നു

തൃശൂർ: വിദ്യാഭ്യാസ വായ്പയെടുത്തവരെ ബാങ്കുകൾ മാനസികമായി പീഡിപ്പിക്കുകയാണെന്ന് എജുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ. കാർഷിക വായ്പക്ക് നാല് ശതമാനവും മറ്റുവായ്പകൾക്ക് പത്ത് ശതമാനവും പലിശയാണെങ്കിൽ വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകൾ 14 മുതൽ 20 ശതമാനം വരെയാണ് ഈടാക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതി 15 ശതമാനത്തിൽ താഴെ പേർക്ക് മാത്രമേ ഗുണം ചെയ്യൂവെന്ന് ജില്ല പ്രസിഡൻറ് കെ.കെ. വിശ്വനാഥൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പയെടുത്തവർ പഠനം പൂർത്തിയാക്കി ഒരുവർഷവും ജോലികിട്ടി ആറ് മാസത്തിന് ശേഷം മാത്രവും ഗഡുക്കളായി വായ്പാതുകയും പലിശയും തിരിച്ചടയ്ക്കേണ്ടതുള്ളൂ എന്നാണ് കേന്ദ്രസർക്കാർ നിയമം. എന്നാൽ പഠനം പൂർത്തിയായ ഉടൻതന്നെ വായ്പയടക്കുവാൻ ബാങ്കുകൾ വിദ്യാർഥികളെ നിർബന്ധിക്കുകയാണ്. നോട്ടീസും ബാങ്കിൽ നിന്നുള്ള ഭീഷണിക്കത്തുകളും മൂലം പല കുടുംബങ്ങളും മാനസികസംഘർഷത്തിലാണ്. ഗുണ്ടകളെ പിരിവിനായി വീട്ടിലേക്ക് അയച്ചതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. 100 ശതമാനം പലിശ സബ്സിഡിയാണ് വിദ്യാഭ്യാസ കാലയളവിൽ ബാങ്കുകൾ വെബ്സൈറ്റിൽ വാഗ്ദാനം ചെയ്യുന്നത്. നാലര ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം. ഓരോ വർഷവും ഇത് സബ്മിറ്റ് ചെയ്യാതെ നഷ്ടപ്പെടുത്തുകയാണ്. ഇത്തരം ബാങ്ക് മാനേജർമാർക്കെതിരെ നടപടിയെടുക്കണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഓർഗനൈസേഷ​െൻറ സമരപ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച രാവിലെ 10.30ന് തൃശൂർ അമ്പാടി ലൈനിലുള്ള കെ.എസ്.ആർ.ടി.സി കറപ്പൻ മെമ്മോറിയൽ ഹാളിൽ അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് വിൻസ​െൻറ് ചിറ്റിലപ്പിള്ളി, ട്രഷറർ പി.വി. അബൂബക്കർ, തലപ്പിള്ളി താലൂക്ക് പ്രസിഡൻറ് ജോജു കോളേങ്ങാടൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.