ചാലക്കുടി കെ.എസ്.ഇ.ബി പവര്‍‌സ്​റ്റേഷ‍െൻറ ലൈൻ നവീകരണം ആരംഭിച്ചു

ചാലക്കുടി: പവർ സ്റ്റേഷനിൽനിന്ന് മാളയിലേക്കും കൊടുങ്ങല്ലൂരിലേക്കുമുള്ള കെ.എസ്.ഇ.ബിയുടെ പ്രസരണ ലൈനുകള്‍ നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഇവിടങ്ങളിലെ ഉപകേന്ദ്രങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന പഴക്കംചെന്ന പ്രസരണ ലൈനുകളാണ് മാറ്റുന്നത്. 6.5 കോടി ചെലവില്‍ ഉയര്‍ന്ന വൈദ്യുതി വാഹകശേഷിയുള്ള അത്യാധുനിക കമ്പികളും പോളിമര്‍ ഇന്‍സുലേറ്ററുകളും ഉപയോഗിച്ചാണ് ലൈൻ നവീകരിക്കുന്നത്. ഇതോടെ മാളയിലെയും കൊടുങ്ങല്ലൂരിലെയും വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. നിലവിലുള്ള വൈദ്യുതി ആവശ്യത്തി​െൻറ നാലിരട്ടിയോളം അധികശേഷിയിലാണ് പുതിയ ലൈന്‍ സ്ഥാപിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ചാലക്കുടി പ്രസരണ വിഭാഗം എക്‌സി. എൻജിനീയറുടെ കീഴിലുള്ള എൻജിനീയര്‍മാരും ജീവനക്കാരുമാണ് മേല്‍നോട്ടവും നിര്‍വഹണവും. നിലവില്‍ 20 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് 66 കെ.വി സര്‍ക്യൂട്ടുകൾ വഴിയാണ് ചാലക്കുടിയില്‍നിന്ന് ഈ സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇവ ഭാവി ആവശ്യം മുന്‍കൂട്ടി കണ്ട് 80 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് 110 കെ.വി സര്‍ക്യൂട്ടുകളായാണ് നവീകരിക്കുന്നത്. ഇതോടൊപ്പം മാള, കൊടുങ്ങല്ലൂര്‍ സബ് സ്റ്റേഷനുകള്‍ 110 കെ.വിയായി ഉയര്‍ത്തുകയും ചെയ്യും. ഉയര്‍ന്ന ശേഷിയിൽ പ്രസരണം നടത്തുമ്പോള്‍ കുറഞ്ഞ വൈദ്യുതി പ്രസരണം മാത്രമെ ഉണ്ടാകൂ. മാള, കൊടുങ്ങല്ലൂര്‍ സബ് സ്റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി ഉയര്‍ത്തല്‍, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീഡറുകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും. കൂടാതെ കൊടുങ്ങല്ലൂര്‍ സബ് സ്റ്റേഷനെ ഇരിങ്ങാലക്കുട സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കാനുള്ള തുടര്‍പ്രവൃത്തികളും കെ.എസ്.ഇ.ബി നടത്തും. മഴക്കാലം തുടങ്ങും മുമ്പ് പരിമിത സമയത്തിനുള്ളില്‍ തീര്‍ക്കാനായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഒരേസമയം കെ.എസ്.ഇ.ബി പണികള്‍ നടത്തുന്നത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണം നവീകരണ പ്രവൃത്തികള്‍ അവസാനിക്കുന്നതുവരെ രണ്ട് മാസത്തേക്ക് മാള, കൊടുങ്ങല്ലൂര്‍ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ പകല്‍സമയത്തെ വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലൈന്‍ നവീകരണം നടക്കുന്ന ഇടങ്ങളില്‍ ഇവക്ക് തൊട്ടുതാഴെ വരുന്ന 11കെ.വി, എൽ.ടി ലൈനുകള്‍ ഓഫ് ചെയ്യേണ്ടി വരും. ആ ദിവസങ്ങളില്‍ പ്രാദേശികമായി വൈദ്യുതി മുടങ്ങും. പകല്‍സമയങ്ങളില്‍ വൈദ്യുതി ലൈനുകള്‍ നവീകരിച്ച് വൈകുന്നേരങ്ങളില്‍ അതേ ലൈനുകള്‍ ചാർജ് ചെയ്ത് വൈദ്യുതി നല്‍കി ബുദ്ധിമുട്ടുകള്‍ കുറക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സമീപത്തെ പവര്‍ഹൗസുകളില്‍നിന്ന് വൈദ്യുതി നല്‍കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.