തൃശൂർ: അനധികൃതമായി ഭൂമി പോക്കുവരുവ് നടത്തിയ സംഭവത്തിൽ വിജിലൻസ് കേസെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടിയില്ല. തൃശൂർ താലൂക്ക് ഹെഡ്ക്വാട്ടേഴ്സിൽ ഡെപ്യൂട്ടി തഹസിൽദാരായ ജയശ്രീക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. എറവ് സ്വദേശി വേണുഗോപാൽ നൽകിയ പരാതിയിലാണ് അന്വേഷണം. ചിയ്യാരം വില്ലേജ് ഓഫിസർ ആയിരിക്കെ നടത്തിയ പോക്കുവരവ് സംബന്ധിച്ച പരാതിയിലാണ് ജയശ്രീക്കെതിരെ കേസ്. ഫെബ്രുവരി ആറിന് വിജിലൻസ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതുവരെ നടപടിയെടുത്തിട്ടില്ല. സി.പി.ഐ സർവിസ് സംഘടനയുടെ ജില്ല നേതാവാണ് ഇവർ. രാഷ്ട്രീയ സ്വാധീനമാണ് നടപടിയെടുക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം. ക്രമക്കേട് നടത്തിയെന്ന് ആരോപണമുള്ള ചിയ്യാരം വില്ലേജ് ഉൾപ്പെടെ ഇപ്പോഴും ഇവരുടെ കീഴിലാണ്. വില്ലേജ് അസിസ്റ്റൻറ് ആയിരുന്ന ആൻസണിനെതിരെയും കേസ് എടുത്തിട്ടുണ്ട്. തണ്ടപ്പേര് രജിസ്റ്റർ തിരുത്തിയതുൾപ്പെടെ ഗുരുതര കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളത്. നേരത്തെ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ തഹസിൽദാർ ചെയ്യേണ്ട നടപടി വില്ലേജ് ഓഫിസറായിരുന്ന ഇവർ ചെയ്തുവെന്നും നടപടിക്രമങ്ങൾ പാലിക്കാതെ പോക്കുവരവ് നടത്തിക്കൊടുത്തു എന്നും കണ്ടെത്തിയിരുന്നു. പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലും നോട്ടീസ് പതിക്കണം. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ഒന്നും കാണുന്നില്ല. ഇത്തരം രേഖകൾ വില്ലേജ് ഓഫിസിൽ ഇല്ലെന്ന് ഇപ്പോഴത്തെ ചിയ്യാരം വില്ലേജ് ഓഫിസറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. ഒല്ലൂക്കാവ് ദേവസ്വത്തിെൻറ ഭൂമിയാണിത്. ചെറുപറമ്പിൽ രാമചന്ദ്രന് അമ്മവഴി ലഭിച്ച ഭൂമിയോടോപ്പം ഈ വിവാദ സ്ഥലം കൂടി ചേർത്ത് പോക്കുവരവിന് അനുവദിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്. 2.2 ആർ ഭൂമിക്കുപകരം 2.87 ആർ ഭൂമി പോക്കുവരവു നടത്തിക്കൊടുത്തു. ഇത് പിന്നീട് വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.