മാലിന്യം നീക്കിയില്ല; ചീഞ്ഞളിഞ്ഞ് നഗരം

തൃശൂര്‍: നഗരത്തിലെ മാലിന്യം 10 ദിവസത്തിനകം നീക്കുമെന്ന കോർപറേഷൻ അധികൃതരുടെ പ്രഖ്യാപനവും പാഴായി. മാലിന്യനീക്കം തടസ്സപ്പെട്ട് നഗരം ചീഞ്ഞളിയുന്നത് നിരന്തരം വാർത്തയായതോടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞ 18നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും സ്ഥിരം സമിതികളുടെയും പ്രത്യേക യോഗം ചേർന്നത്. 10 ദിവസത്തിനകം മാലിന്യം നീക്കാനായിരുന്നു തീരുമാനം. നഗരത്തിൽ 13 ടൺ മാലിന്യം കുന്നുകൂടിയതായി യോഗത്തിൽ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഖരമാലിന്യം കുഴിവെട്ടി മൂടാനും സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാൻ ഹെല്‍ത്ത് സൂപ്പർവൈസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാൽ, ഒന്നും നടപ്പായില്ല. മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരം തിരിക്കുകയും അജൈവ മാലിന്യം പ്ലാൻറിലെത്തിച്ച് സംസ്കരിക്കുകയും വേണമെന്നായിരുന്നു തീരുമാനം. ജൈവ മാലിന്യം കുഴിച്ചുമൂടാനും 10 ദിവസം കഴിഞ്ഞ് യോഗം ചേർന്ന് വിലയിരുത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആദ്യ നാളിൽ പ്ലാൻറിന് സമീപം മാലിന്യം കുഴിവെട്ടി മൂടിയതൊഴിച്ചാൽ മറ്റൊന്നുമുണ്ടായില്ല. ഇതുവരെയും അവലോകന യോഗം ചേർന്നിട്ടില്ല. മാലിന്യം സൃഷ്ടിക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും എങ്ങുമെത്തിയില്ല. വ്യാപാരികൾക്ക് നോട്ടീസ് നൽകാനും 51 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറും ഉൽപന്നങ്ങളും വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയെങ്കിലും ഒന്നും ഉണ്ടായില്ല. പൂങ്കുന്നം, കൊക്കാലെ, അയ്യന്തോൾ, ചെമ്പൂക്കാവ്, മുണ്ടുപാലം, കൂർക്കഞ്ചേരി എന്നിവിടങ്ങളിലാണ് കൂടുതൽ മാലിന്യം കുന്നുകൂടുന്നതെന്നാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയത്. നഗരപരിസരങ്ങളിൽ പലയിടത്തും മാലിന്യക്കൂമ്പാരമുണ്ട്. മുമ്പ് വിവിധ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന അജൈവ മാലിന്യ സംഭരണകേന്ദ്രങ്ങൾ പൂട്ടിയതോടെ മാലിന്യം വഴിയരികിലാണ് ഉപേക്ഷിക്കുന്നത്. ആഗസ്റ്റ് 15ന് മന്ത്രി എ.സി. മൊയ്തീനാണ് കോർപറേഷനിൽ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതി​െൻറ പ്രചാരണത്തിനായി നഗരത്തിലെ 25 വീടുകളിൽ മന്ത്രി എത്തുകയും ചെയ്തു. അനുയോജ്യമായ മാലിന്യ സംസ്‌കരണപദ്ധതി സെപ്‌റ്റംബര്‍ 10നകം രൂപവത്കരിക്കുമെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഒന്നിന്‌ ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികൾ ഉദ്‌ഘാടനം െചയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.