മറ്റത്തൂരിലെ കാലുമാറ്റം: കോൺഗ്രസ് മെമ്പർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വാർഡ് മെമ്പർമാർ ബി.ജെ.പിയുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. മനുഷ്യാവകാശ സംരക്ഷണ സംഘടന ജനറൽ സെക്രട്ടറി ജോയ് കൈതാരമാണ് പരാതി നൽകിയത്. മെമ്പർമാരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് വോട്ട് നേടിയ ശേഷം ബി.ജെ.പി പിന്തുണയോടെ നീക്കം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജനങ്ങളോടുള്ള വഞ്ചനയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വിഷയം എത്തിയിരിക്കുന്നത്. മെമ്പർമാർ രാജി വെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇലക്ഷൻ കമ്മീഷൻ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാകും.

അതേസമയം, മറ്റത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ജനപ്രതിനിധികളോ ആരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ

വ്യക്തമാക്കി. ‘ജീവനുണ്ടെങ്കില്‍ ബി.ജെ.പിയില്‍ ചേരുകയില്ലെന്ന് അവര്‍ പരസ്യമായി വ്യക്തമാക്കിയതാണ്. ബി.ജെ.പിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. ആ തെറ്റ് തിരുത്താന്‍ അവിടെത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസിനോട് ആത്മാര്‍ത്ഥതയും വിശ്വാസ്യതയും അവര്‍ പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. പോകാത്തവരെ പോലും ബി.ജെ.പിയിലേക്ക് പോയെന്ന് ചിത്രീകരിച്ച് കൊട്ടിഘോഷിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയകുടിലതന്ത്രമാണ്. സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സി.പി.എം നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണ്. സി.പി.എം ജല്‍പനങ്ങള്‍ ജനം വിശ്വസിക്കില്ല’ -സണ്ണി ജോസഫ് വ്യക്തമാക്കി.

Tags:    
News Summary - Mattathur: Complaint filed against Congress members with Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.