മരിച്ചവർക്കും മനുഷ്യാവകാശമുണ്ടെന്ന് മറക്കരുത് -മനുഷ്യാവകാശ കമീഷൻ തൃശൂർ: നഗരസഭകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായി ആധുനിക ശ്മശാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അനാഥരുടെയും ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും ശവസംസ്കാരം ഉചിത രീതിയിൽ നിറവേറ്റാൻ കഴിയണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷെൻറ ഉത്തരവ്. മരിച്ചവർക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം മറക്കരുതെന്നും കമീഷൻ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഉയരുന്ന ഇത്തരം പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കപ്പെടണം. തദ്ദേശ ഭരണ, റവന്യൂ വകുപ്പുകൾ ഇതിന് പ്രത്യേക നടപടി ൈകക്കൊള്ളണം. അടുക്കള പൊളിച്ചും ചുമരിടിച്ചും കിണറിനു സമീപവും മൃതദേഹം അടേക്കണ്ടി വരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പൊതുശ്മശാനങ്ങളുടെ അഭാവം സാംസ്കാര തകർച്ചയും ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നത്. ഭൂരഹിതരും ലക്ഷം വീട് കോളനികളിലെ താമസക്കാരും മരിച്ചാൽ അനാഥ ശരീരങ്ങളായി ആറടി മണ്ണിന് കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. പരിമിത സൗകര്യങ്ങളുമായി ജീവിക്കാൻ വിധിക്കപ്പെട്ട അതിദുർബല വിഭാഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നമായോ ആരോഗ്യ പ്രശ്നമായോ ശ്മശാനങ്ങളുടെ അഭാവം കണക്കിലെടുക്കാത്തത് ദുഃഖകരമാണ്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന എതിരാളിയുടെ ശവശരീരം പോലും സമുചിതമായി സംസ്കരിക്കുന്ന നാടാണ് നമ്മുടേതെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.