വൃത്തിയിൽ തൃശൂർ രാജ്യത്ത്​ 324ാമത്​

തൃശൂർ: മാലിന്യസംസ്കരണത്തെ ചൊല്ലി നഗരപാലകർ തമ്മിൽ കലഹം മുറുകുന്നതിനിടെ രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ തൃശൂർ 324ാം സ്ഥാനത്ത്. ഗുരുവായൂരിന് 306ാം സ്ഥാനമുണ്ട്. കേന്ദ്ര നഗരവികസന മന്ത്രാലയം പുറത്തുവിട്ട നഗരശുചിത്വത്തെക്കുറിച്ചുള്ള സർവേ റിപ്പോർട്ടിലാണിത്. രാജ്യത്തെ 500 നഗരങ്ങളുടെ ശുചിത്വ പരിശോധനയിലാണ് സാംസ്കാരിക നഗരമായ തൃശൂർ 324ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ദിനവും ആയിരങ്ങൾ ദർശനത്തിനെത്തുന്ന ക്ഷേത്ര നഗരമായ ഗുരുവായൂർ പോലും വൃത്തിയുടെ കാര്യത്തിൽ തൃശൂരിനേക്കാൾ മുന്നിലാണ്- 306ാമത്. വൃത്തിയുടെ കാര്യത്തിൽ മേനിനടിക്കുന്ന കേരളത്തിലെ ഒറ്റ നഗരത്തിന് പോലും ആദ്യ 250ല്‍ എത്താനായിട്ടില്ല. 2014 ലെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും കഴിഞ്ഞവര്‍ഷം 55-ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271-ാം സ്ഥാനത്താണ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് ഏറ്റവും ശുചിത്വമുള്ള നഗരം. ഭോപാലും വിശാഖപട്ടണവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വികസനം എന്താണെന്ന് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് ബി.ജെ.പി നേതാക്കൾ വാദിച്ച യു.പിയിലെ ഗോണ്ടയാണ് ഏറ്റവും പിറകിൽ. 254-ാം സ്ഥാനത്തുള്ള കോഴിക്കോടിനാണ് കേരളത്തില്‍ ആദ്യസ്ഥാനം. കൊച്ചി--271, പാലക്കാട്--286, തൃശൂര്‍--324, കൊല്ലം--365, കണ്ണൂര്‍--366, തിരുവനന്തപുരം--372, ആലപ്പുഴ- -380 എന്നിങ്ങനെയാണ് കേരളത്തിലെ നഗരങ്ങളുടെ നില. തുറസ്സായ സ്ഥലത്തെ വിസര്‍ജനം, ഖരമാലിന്യ സംസ്‌കരണം എന്നിവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് കേന്ദ്ര നഗരവികസന മന്ത്രാലയം പട്ടിക തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.