സി.ബി.എസ്.ഇ ജില്ല കലോത്സവം: പ്രതിഭകളുടെ മിന്നലാട്ടം

തൃശൂർ: വർണവൈവിധ്യം നിറഞ്ഞ നടനകാന്തിയോടെ സി.ബി.എസ്.ഇ ജില്ല കലോത്സവത്തി​െൻറ രണ്ടാംദിനം. പ്രതിഭകളുടെ മിന്നലാട്ടം ദൃശ്യമായ പാറമേക്കാവ് വിദ്യാമന്ദിറിലെ വേദികളിലേക്ക് കാണികൾ ഒഴുകിയെത്തി. പ്രധാനവേദിയിൽ കുച്ചിപ്പുടിയും സംഘനൃത്തവുമായാണ് രണ്ടാംദിനം തുടങ്ങിയത്. മാപ്പിള കലകളായ ദഫ്മുട്ടും അറവനയും രണ്ടാം വേദിയെ ഉണർത്തി. ആനുകാലിക സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ സദസ്സി​െൻറ കൈയടി നേടി. എൽ.പി വിഭാഗം കുട്ടികളുടെ നാടോടി നൃത്തവും കാണികൾക്ക് ആവേശമായി. വേഗത്തി​െൻറ ചടുലതയിൽ ചുവടുതെറ്റാതെ കുരുന്നുകൾ വേഷം പകർന്നാടി. തിരുവാതിരയും മാർഗം കളിയുമായി മറ്റു വേദികളിൽ മത്സരാർഥികൾ എത്തിയതോടെ കലോത്സവത്തിന് നിറപ്പകിട്ടേറി. ചിട്ടയായ ക്രമീകരണങ്ങളിൽ കുറ്റമറ്റ രീതിയിലാണ് കലോത്സവം പുരോഗമിക്കുന്നത്. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷനും തൃശൂർ സഹോദയ കോംപ്ലക്സും ചേർന്ന് നടത്തുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും. ജില്ലയിലെ 78 സ്കൂളുകളിൽനിന്നായി എഴായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകീട്ട് 6.30ന് സമാപനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ ജില്ല കലോത്സവ് ചെയർമാൻ ജി. മുരുകൻ അധ്യക്ഷത വഹിക്കും. നൃത്തവും ഒാട്ടവും അനഘക്ക് ഒരുപോലെ തൃശൂർ: രാവിലെ നൃത്തച്ചുവടുകളിൽ ഒന്നാമതെത്തി. വൈകീട്ട് ട്രാക്കിൽ വേഗക്കുതിപ്പിൽ മുന്നേറ്റം. കലയും കായികവും ഒരുപോലെ അനഘയുടെ കൈയിൽ ഭദ്രം. സീനിയർ വിഭാഗം ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ പോട്ടൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ്ടു വിദ്യാർഥി അനഘ അജയ് ആണ് സംസ്ഥാന മീറ്റിലും നേട്ടം കൊയ്തത്. ശനിയാഴ്ച രാവിലെ നൃത്തഇനങ്ങളിൽ മാറ്റുരച്ച അനഘ കലോത്സവത്തിന് ഇടവേള നൽകി കായികമേളക്ക് തിരിക്കുകയായിരുന്നു. വൈകീട്ട് പാലായിൽ നടന്ന സി.ബി.എസ്.ഇ സംസ്ഥാന മീറ്റിൽ 3000 മീറ്ററിൽ ഒന്നാമതായി ഓടിക്കയറി. കലോത്സവത്തിൽ കുച്ചിപ്പുടി, കാർട്ടൂൺ, കോസ്റ്റ്യൂം ഡിസൈനിങ് എന്നിവയിൽ പങ്കെടുക്കേണ്ട സമയത്താണ് അനഘ ട്രാക്കിൽ കുതിപ്പുനടത്തിയത്. കഴിഞ്ഞ വർഷവും കലോത്സവത്തിലും കായികമേളയിലും അനഘ മികവ് തെളിയിച്ചിരുന്നു. ഭരതനാട്യത്തിലും കോസ്റ്റ്യൂം ഡിസൈനിങ്ങിലും ഒന്നാമതെത്തിയപ്പോൾ 3000 മീ., 1500 മീ. ഓട്ടത്തിൽ ദേശീയതലത്തിൽ മത്സരിച്ചു. സംസ്ഥാനത്ത് ഒന്നാമതായി ഫിനിഷ് ചെയ്ത അനഘക്ക് ദേശീയതലത്തിൽ അഞ്ചാമതെത്താൻ കഴിഞ്ഞു. വരാണസി, റായ്പൂർ, മെഹ്സറ എന്നിവിടങ്ങളിൽ നടന്ന ദേശീയ മീറ്റിലും അനഘ പങ്കെടുത്തിട്ടുണ്ട്. സെൻട്രൽ പൊലീസിൽ അസി. കമാൻഡൻറായ അജയകുമാറി​െൻറയും വടക്കാഞ്ചേരി വ്യാസ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കവിതയുടെയും മകളാണ്. മാതാപിതാക്കളുടെ പ്രോത്സാഹനംകൊണ്ടാണ് പഠനത്തോടൊപ്പം കലയും കായികവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതെന്ന് അനഘ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.