തൃശൂർ: ജയ്ഹിന്ദ് മാർക്കറ്റിലെ കടമുറി ൈകമാറ്റ വിവാദത്തിൽ നിയമ നടപടികളിലേക്ക് കടക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. കോർപറേഷൻ ഉടമസ്ഥതയിലുള്ള മുറിക്ക് കോർപറേഷൻ അറിയാതെ സ്വകാര്യ വ്യക്തിയിൽ നിന്നും 17 ലക്ഷം രൂപ വാങ്ങി കൈമാറ്റം നടത്തിയതിൽ ടി.ഡബ്ല്യു.സി.സി.എസിനെതിരെ നിയമ നടപടിക്കാണ് തീരുമാനം. മുറി തിരിച്ചെടുക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാനും വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. കടമുറി കൈമാറ്റം ചെയ്തതിൽ വിജിലൻസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, കടമുറി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സെക്രട്ടറി കെ.എം. ബഷീർ നൽകിയ കത്ത് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് കണ്ട് തള്ളി. 48 ഇനങ്ങളുണ്ടായിരുന്ന അജണ്ടയിൽ ആദ്യ ഇനമായി ചർച്ചക്കെടുത്ത കടമുറി കൈമാറ്റ വിവാദം ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വേദിയായി. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ പറഞ്ഞതനുസരിച്ചാണ് മുറി കൈമാറിയതെന്ന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എൽ. റോസിയുടെ ആരോപണമാണ് ചർച്ച ചൂടാക്കിയത്. രാവിലെ 11 ന് തുടങ്ങിയ ചർച്ച ഉച്ചക്ക് രണ്ടോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴാണ് അവസാനിപ്പിച്ചത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ അഴിമതികളിലെ തുമ്പ് മാത്രമാണെന്ന് ആരോപിച്ച ഇടത് കൗൺസിലർമാർ കോൺഗ്രസിനെ വിമർശിച്ചു. മുൻ സെക്രട്ടറി നൽകിയ കത്ത്, ചർച്ച ചെയ്യാൻ വൈകിയതിനെ സി.പി.എം കൗൺസിലർമാരും വിമർശിച്ചു. നിലവിൽ വിജിലൻസ് അന്വേഷണം വിഷയത്തിൽ നടക്കുന്ന സാഹചര്യത്തിൽ മറ്റൊരു അന്വേഷണത്തെക്കുറിച്ച് പരിശോധന വേണമെന്ന് സി.പി.എം കൗൺസിലർ എം.കെ. ശ്രീനിവാസൻ ആവശ്യപ്പെട്ടു. കടമുറി കൈമാറ്റത്തിൽ വ്യാപാരിയുടെ മൊഴിയോ, വിജിലൻസ് രേഖയോ കൗൺസിലിന് ലഭിച്ചുവോയെന്ന ചോദ്യത്തോടെ അനവസരത്തിലാണ് വിഷയം ചർച്ച ചെയ്യുന്നതെന്നായിരുന്നു കോൺഗ്രസ് വിഷയത്തെ ആദ്യം നേരിട്ടത്. ടി.ഡബ്ല്യു.സി.സി.എസിന് പണം നൽകിയതുമായി കോർപറേഷന് ബന്ധമില്ലെന്നും പുറത്തെ ഇടപാടുകൾക്ക് കോർപറേഷനോ മേയറോ പങ്കാളിയാവുന്നത് എങ്ങനെയെന്നും രാജൻ പല്ലൻ ചോദിച്ചു. നിയമപരമായ നടപടികൾ മാത്രമാണ് ചെയ്തത്. കത്ത് വൈകിപ്പിച്ച് സ്വകാര്യ വ്യക്തിയുമായി വിലപേശൽ നടത്തുകയായിരുന്നുവെന്നും അത് ലഭിക്കാതെ വന്നതോടെ ആരോപണവുമായി വന്നതാണെന്നും രാജൻ പല്ലൻ ആരോപിച്ചു. ഇടത്, ബി.ജെ.പി കൗൺസിലർമാരും ആരോപണം ഏറ്റുപിടിച്ച് ചർച്ച മുറുകിയതോടെ ശക്തനിൽ ബി.ജെ.പി നേതാവുകൂടി ഉൾപ്പെട്ട രണ്ട് പേർക്ക് കടമുറി രണ്ടാക്കി അനുവദിച്ച തീരുമാനം റദ്ദാക്കണമെന്ന വാദമുയർത്തി കോൺഗ്രസ് നേരിട്ടു. സി.പി.എം, ബി.ജെ.പി സൗഹൃദമാണ് ഇതിന് പിന്നിലെന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എ.പ്രസാദും, ജോൺ ഡാനിയേലും ഉന്നയിച്ചു. എന്നാൽ സംസ്ഥാനത്തെ ഒത്തു തീർപ്പ് ഭരണമാണ് കോർപറേഷനിലും സി.പി.എമ്മും, കോൺഗ്രസും നടത്തുന്നതെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. ഒരു മുറിയുടേത് മാത്രമല്ല, കോർപറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ കടമുറി കൈമാറ്റങ്ങളിലും, വാടകയിനങ്ങളിലുമുള്ള അഴിമതിയാരോപണത്തിലും, റിലയൻസ് ഇടപാടിലും സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, തദ്ദേശവകുപ്പ് മന്ത്രിക്കും, സെക്രട്ടറിക്കും കത്ത് നൽകുമെന്ന് പാർലമെൻററി പാർട്ടി നേതാവ് എം.എസ്.സമ്പൂർണ അറിയിച്ചു. കടമുറി കൈമാറ്റത്തിൽ നിയമനടപടികളിലേക്ക് കടക്കാമെന്ന് ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയാണ് കൗൺസിലിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.