വടക്കാഞ്ചേരി: വർഷങ്ങൾക്കുമുമ്പേ അടച്ചുതീർത്ത വായ്പ അടിയന്തരമായി അടച്ചുതീർക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ബാങ്ക് നോട്ടീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യിൽ നിന്നാണ് ഇടപാടുകാർക്ക് ഇത്തരമൊരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. വായ്പ കുടിശ്ശിക ഇല്ലാത്ത ഉപഭോക്താക്കളോട് അടിയന്തരമായി കുടിശ്ശിക അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതോടെ നോട്ടീസ് കൈപ്പറ്റിയവർ പരിഭ്രാന്തരായിരിക്കുകയാണ്. ബാങ്ക് ശാഖകളിലെത്തി അന്വേഷിച്ചപ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പ് എടുക്കുകയും ഭൂരിഭാഗം പേരും അടച്ച് തീർക്കുകയും, ബാങ്ക് ഇടപാടുകൾ തീർത്തു എന്ന് രേഖ നൽകുകയും ചെയ്ത വായ്പകളാണ് വീണ്ടും തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളതെന്ന് വ്യക്തമായി. എന്നാൽ, വായ്പ അടച്ച് തീർത്തതാണെന്ന് ഉപഭോക്താക്കൾ പറഞ്ഞതോടെ രേഖ ഹാജരാക്കണമെന്നാണ് ബാങ്കിൽനിന്നുള്ള അറിയിപ്പ്. 20 വർഷം മുമ്പ് നടന്ന ഇടപാടുകളുടെ രേഖകൾ പലരുടെയും കൈവശം ഇല്ലയെന്നതാണ് വസ്തുത. എത്ര തുകയാണ് ഉപഭോക്താക്കൾ തിരിച്ചടക്കേണ്ടതെന്ന് നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ല. ഒരു കണക്കുകളും രേഖകളും ബാങ്കുകളിലും ഇല്ല എന്നതാണ് സ്ഥിതി. ഉപഭോക്താക്കളെ അപമാനിക്കുന്ന നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇടപാടുകാരുടെ പരാതി. മാറി വരുന്ന മാനേജർമാർ വായ്പയുടെ വിവരങ്ങൾ യഥാസമയം രജിസ്റ്ററിൽ രേഖപ്പെടുത്താത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപണം. ഉദ്യോഗസ്ഥരുടെ തെറ്റിന് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നടപടി തുടർന്നാൽ ബാങ്ക് ഓബുഡ്സ്മാന് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.