പഞ്ചായത്ത് പണമടച്ചിട്ടും ആദിവാസികോളനികളിൽ വഴിവിളക്ക് സ്​ഥാപിച്ചില്ല; വന്യമൃഗശല്യം രൂക്ഷമായ മേഖലയാണിത്

അതിരപ്പിള്ളി: തവളക്കുഴിപ്പാറ, അടിച്ചിൽതൊട്ടി ആദിവാസി കോളനികളിലേക്ക് വൈദ്യുതിലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി വൈകുന്നു. ഇതിനായി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് എട്ടുമാസം മുമ്പ് പണം അടച്ചിട്ടും കെ.എസ്.ഇ.ബി അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ മാർച്ചിലാണ് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചത്. എട്ട് മാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിക്കാർ ഇതിനായി ഒരു നീക്കവും നടത്താത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിച്ചിൽതൊട്ടി കോളനിയും തവളക്കുഴിപ്പാറ കോളനിയും ഉൾവനത്തിലാണ്. വന്യമൃഗശല്യം രൂക്ഷമായ മേഖലയാണിത്. പ്രത്യേകിച്ച് കാട്ടാന ശല്യം ഏറെയാണ്. സഞ്ചാര യോഗ്യമായ റോഡും വഴിവിളക്കുകളും ഇല്ലാത്തതിനാൽ കോളനിവാസികൾ ഒരുപാട് േക്ലശങ്ങൾ അനുഭവിക്കുന്നുണ്ട്. 42 കുടുംബങ്ങളാണ് തവളക്കുഴിപ്പാറയിലുള്ളത്. കോളനിയിലെ ആർക്കെങ്കിലും അസുഖം വന്നാൽ മൂന്ന് കിലോ മീറ്റർ നടന്ന് മെയിൻ റോഡിൽ എത്തിക്കേണ്ട അവസ്ഥയാണ്. വഴിയിൽ മിക്കവാറും ആനക്കൂട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അടിച്ചിൽതൊട്ടിയിലെത്താൻ ഉൾവനത്തിലൂടെ ഏറെ കിലോമീറ്ററുകൾ സഞ്ചരിക്കണം. 72ൽപരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തവളക്കുഴിപ്പാറ, അടിച്ചിൽതൊട്ടി എന്നീ കോളനികളുടെ വൈദ്യുതീകരണത്തിനായി ആർ.ജി.ജി.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി 1.91 കോടിയുടെ പദ്ധതികൾ നടപ്പാക്കിയിരുന്നു. തവളക്കുഴിപ്പാറക്കായി 3.6 കി.മീ 11 കെ.വി. ലൈനും രണ്ട് 25 കെ.വി.എ ട്രാൻസ്ഫോർമറും അടിച്ചിൽതൊട്ടിക്കായി 2.9 കി.മീ. 11 കെ.വി. ലൈനും മൂന്ന് 25 കെ.വി.എ ട്രാൻസ്ഫോർമറുകളും അനുബന്ധ എൽ.ടി. ലൈനുകളും വലിച്ചിരുന്നു. എന്നാൽ, വഴിവിളക്കുകൾ സ്ഥാപിക്കാൻ പ്രത്യേക ലൈൻ വലിക്കേണ്ടതുണ്ട്. ഇതിനാണ് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.