വിവാദങ്ങൾക്കൊടുവിൽ വാഴാനി ഡാം തുറന്നു; കർഷകർക്ക് ആശ്വാസം

വടക്കാഞ്ചേരി: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ വാഴാനി ഡാം കനാലിലൂടെ തുറന്ന് വിട്ടു. വടക്കാഞ്ചേരി മേഖലയിലെ കർഷകരും ജനപ്രതിനിധികളും ചേർന്ന് തയാറാക്കിയ കാർഷിക കലണ്ടർ അനുസരിച്ചാണ് ഇന്നലെ പുലർച്ചെ മുതൽ വെള്ളം തുറന്നുവിട്ടത്. നേരത്തെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ചേർന്ന പാടശേഖര സമിതികൾ, കർഷക സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ ഒക്ടോബർ 12 മുതൽ വെള്ളം ആവശ്യാനുസരണം തുറന്ന് വിടുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. ഇതിന് വേണ്ടി കനാൽ ശുചീകരണവും ആരംഭിച്ചു. ഇറിഗേഷൻ വകുപ്പി​െൻറ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി എക്സ്കവേറ്റർ ഉപയോഗിച്ചായിരുന്നു കനാലിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്തിരുന്നത്. ഇതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി തെക്കുംകര പഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തി. വിവാദമായതോടെ പ്രവർത്തനം നിർത്തി. ഇതോടെ കാർഷിക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ താളം തെറ്റി. കൂർക്ക കൃഷിയടക്കമുള്ളവക്ക് വെള്ളം ലഭ്യമാകാതായതോടെ കർഷക പ്രതിഷേധവും കനത്തു. ഒടുവിൽ കലക്ടർ വിളിച്ച യോഗത്തിലാണ് വെള്ളം തുറന്നുവിടാൻ ധാരണയായത്. മുടങ്ങിയ കനാൽ നവീകരണം പൂർത്തിയാക്കിയാണ് ഇന്നലെ വെള്ളം തുറന്നത്. പത്ത് ദിവസത്തോളം കനാലിലൂടെ വെള്ളം ഒഴുക്കും. തുടർന്ന് പുഴയിലേക്ക് വെള്ളം തുറക്കും. അതിനിടെ കനാൽ നവീകരണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെക്കുംകര പഞ്ചായത്ത് ഭരണസമിതി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.