കുന്നംകുളം: മണൽ മാഫിയയെ പൊലീസുകാർ സഹായിച്ചെന്ന റിപ്പോർട്ട് വ്യാജമെന്ന് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. കുന്നംകുളം അഡീഷനൽ എസ്.െഎ ആയി പ്രവർത്തിക്കുന്ന പി.എസ്. ദിനേശൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിലാണ് അഞ്ച് പൊലീസുകാരുടെ പേരിൽ ആരോപിച്ച കുറ്റം വ്യാജമാണെന്ന് കണ്ടെത്തിയത്. 2012 ഫെബ്രുവരി 15 നാണ് കേസിനാസ്പദ സംഭവം. വാടാനപ്പള്ളി സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസുകാരനായിരുന്ന ദിനേശൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. മണൽ മാഫിയക്ക് ഫോൺ സന്ദേശം ഉൾപ്പെടെ നൽകിയെന്നായിരുന്നു ആരോപണം. തുടർന്നു നടന്ന അന്വേഷണത്തിൽ അഞ്ചുപേരെയും സർവിസിൽ നിന്ന് പിരിച്ചുവിട്ടു. മേഖല െഎ.ജിക്ക് പരാതി നൽകിയതിനെ തുടർന്ന് രണ്ടുവർഷത്തെ ശമ്പള വർധന തടഞ്ഞ് വീണ്ടും സർവിസിൽ പ്രവേശിപ്പിച്ചു. നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ ഇവർ സമീപിച്ചു. 2016 ജനുവരിയിൽ പരാതിയിൽ നാല് മാസത്തിനകം തീർപ്പ് കൽപിക്കാൻ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. കാലാവധിക്കുള്ളിൽ പരാതിയിൽ തീർപ്പുമുണ്ടായില്ല. വീണ്ടും ട്രൈബ്യൂണലിൽ പരാതി നൽകിയപ്പോൾ നടന്ന അന്വേഷണത്തിൽ റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച് 2017 ഏപ്രിൽ 21ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.